സ്വന്തം ലേഖകൻ
ഡബ്ലിൻ:കഴിഞ്ഞ സർക്കാർ പല തവണ നീട്ടി വെച്ച ഗർഭഛിദ്രം സംബന്ധിച്ച സർക്കാർ നയം വീണ്ടും പുറത്തെടുത്ത് വിവാദമുണ്ടാക്കാൻ പുതിയ സർക്കാരും.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് വരുംവർഷങ്ങളിൽ അയർലണ്ടിൽ ജനഹിതപരിശോധന നടത്തുമെന്ന് പുതിയ പൊതുധനവിനിയോഗ, പരിഷ്‌കരണ വകുപ്പ് മന്ത്രി പാസ്‌കൽ ഡോണഗാണ് വ്യക്തമാക്കിയത്,സ്വവർഗ വിവാഹം സംബന്ധിച്ച് നടത്തിയ അതേ രീതിയായിരിക്കും ഇക്കാര്യത്തിലും പിന്തുടരുകയെന്നും അദ്ദേഹം പറഞ്ഞു. പുതിയ സർക്കാരിന്റെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ജനങ്ങളുടെ സഭ ആറു മാസങ്ങൾക്കുള്ളിൽ രൂപീകരിക്കും. ഈ സഭയിൽ രാഷ്ട്രീയക്കാരോ അണികളോ അംഗമായിരിക്കില്ല.
ഗർഭഛിദ്രം സംബന്ധിച്ച് അയർലണ്ടിൽ വാദപ്രതിവാദങ്ങൾ ഈയിടെയായി മുറുകിയിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽ അംഗമായിട്ടുള്ള രാജ്യങ്ങളിൽ അയർലണ്ട്, മാൾട്ട എന്നിവിടങ്ങളിൽ മാത്രമാണ് ഗർഭഛിദ്രത്തിനെതിരെ ശക്തമായ നിയമങ്ങൾ നിലവിലുള്ളത്. അതേസമയം ഈയിടെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ഗർഭഛിദ്രം നിയമവിധേയമാക്കിയ രാജ്യങ്ങളിലേക്കാൾ കൂടുതൽ ഗർഭഛിദ്രം നടക്കുന്നത് അത് വിലക്കിയ രാജ്യങ്ങളിലാണ്. ഇതാകട്ടെ പലപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് നടത്തപ്പെടുന്നതും.
അയർലണ്ടിലെ പലരും നെതർലാന്റ്‌സ് പോലെ മറ്റ് രാജ്യങ്ങളിൽ പോയാണ് അബോർഷൻ നടത്തുന്നത് എന്നും റിപ്പോർട്ടുണ്ട്. പക്ഷേ അബോർഷൻ നിയമവിധേയമായ രാജ്യങ്ങളിൽ ഇതിന്റെ റേറ്റ് എക്കാലത്തെയും വളരെ താഴ്ന്ന നിലയിലാണെന്നും ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ടിൽ പറയുന്നു. ആധുനിക ഗർഭനിരോധന മാർഗങ്ങൾ അബോർഷൻ കുറയ്ക്കാൻ കാരണമായിട്ടുണ്ട്.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് എന്തെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടു വരാനാണ് പുതിയ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് യു.കെ, ജർമ്മനി, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ അയർലണ്ടിനോട് ആരാഞ്ഞിരുന്നു.