സ്വന്തം ലേഖകൻ
ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ നികുതി വ്യവസ്ഥകൾക്ക് വിധേയമായി അയർലണ്ടിന് 13 ബില്യൺ യൂറോ നികുതിയായി ആപ്പിൾ അടയ്ക്കണമെന്ന യൂറോപ്പ്യൻ കമ്മീഷൻ ഉത്തരവിനെ ചൊല്ലി ഐറിഷ് സർക്കാരിൽ പൊട്ടിത്തെറി.
രാജ്യത്തേക്ക് ഭാവിയിലുള്ള നിക്ഷേപത്തെ കമ്മീഷൻ തീരുമാനം പ്രതികൂലമായി ബാധിക്കും എന്നതിനാൽ വിധിക്കെതിരെ അപ്പീലിന് പോകാനാണ് ധനമന്ത്രി മൈക്കിൾ നൂനൻ അടക്കമുള്ള ഫിനഗേലിന്റെ തീരുമാനം.ആപ്പിളിൽ നിന്നും ടാക്‌സ് ലഭിച്ചില്ലെങ്കിലും പ്രശ്‌നമില്ല എന്ന് തന്നെ.എന്നാൽ 13 ബില്യൺ യൂറോ നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നു ഭരണമുന്നണിയിലെ മറ്റു ഘടകകക്ഷികൾ അഭിപ്രായപെട്ടിരിക്കുകയാണ്.
അയർലണ്ടിന് ആപ്പിൾ 1300 കോടി യൂറോ(13 ബില്യൺ / 97000 കോടി രൂപ) നികുതി ഒടുക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഉത്തരവ് ഇന്നലെയാണ് ഉണ്ടായത്.നികുതി ഒഴിവാക്കി വിദേശ കമ്പനികളെ ആകർഷിക്കാൻ അയർലണ്ട് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിളിനും നികുതി ഒഴിവാക്കിയത്.
എന്നാൽ, യൂറോപ്പിലെ നിയമ വ്യവസ്ഥകൾക്ക് ഇത് എതിരാണെന്നാണ് യൂണിയന്റെ നീതിനിർവഹണ സംവിധാനമായ യൂറോപ്യൻ കമ്മിഷൻ വിലയിരുത്തിയത്. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ആപ്പിളും വ്യക്തമാക്കിയിട്ടുണ്ട്.യുഎസ് കമ്പനിക്കെതിരായ നീക്കം യുഎസ് – യൂറോപ്പ് സഹകരണത്തെ ബാധിക്കുമെന്ന് യുഎസ് സർക്കാരും പറഞ്ഞിട്ടുണ്ട്.
2011 ൽ ആപ്പിളിന്റെ അയർലണ്ട് ഉപസ്ഥാപനം നേടിയ 2200 കോടി ഡോളറിൽ അഞ്ച് കോടി ഡോളറിനു മാത്രമാണ് സർക്കാർ നികുതി ചുമത്തിയതെന്ന് യൂറോപ്യൻ കമ്മിഷൻ കണ്ടെത്തി.’ആപ്പിൾ അയർലണ്ട് ‘ എന്ന കമ്പനിക്ക് ഉണ്ടെന്നു പറയുന്ന ആസ്ഥാനവും ജീവനക്കാരും സാങ്കൽപികമാണെന്നും കണ്ടെത്തിയതായി കമ്മിഷൻ ഉത്തരവിൽ പറയുന്നുണ്ട്.
ഒട്ടേറെ അമേരിക്കൻ കമ്പനികൾ നാമമാത്രമായ നികുതി നൽകി അയർലണ്ടിൽ പ്രവർത്തിക്കുന്നുണ്ട്.സ്റ്റാർബക്‌സ് 3.3 കോടി ഡോളർ നികുതി നൽകണമെന്നും യൂറോപ്യൻ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. ആമസോണിനും മക്‌ഡൊണൽസിനും എതിരെ അന്വേഷണം നടക്കുകയാണ്.
ചുരുക്കത്തിൽ അയർലണ്ടിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികളുടെ ഭാവിയെ അപകടപ്പെടുത്തുന്നതാണ് ഇ യൂ കമ്മിഷന്റെ നിലപാട്.അതുകൊണ്ടാണ് അപ്പീലിന് പോകാൻ അയർലണ്ടിലെ ഭരണകക്ഷി ശ്രമിക്കുന്നത്.
അവധി റദ്ധാക്കി ഡബ്ലിനിൽ തിരിച്ചെത്താൻ എല്ലാ മന്ത്രിമാർക്കും പ്രധാന ഉദ്യോഗസ്ഥൻമാർക്കും നിർദേശം ലഭിച്ചിട്ടുണ്ട്.ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം കമ്മീഷൻ നിലപാട് ചർച്ച ചെയ്യുന്നതിന് മാത്രമാണ്.