സ്‌കൂളില്‍ പോകാതെ അച്ഛനെ പറ്റിക്കാന്‍ ശ്രമിച്ചു; പതിനാലുകാരന് അച്ഛന്റെ വെടിയേറ്റു മരിച്ചു

സിന്‍സിനാറ്റി: മോഷ്ടാവെന്നു കരുതി അച്ഛന്‍ വച്ച വെടിയേറ്റത് മകന്. അച്ഛന്റെ വെടിയേറ്റ മകന്‍ തല്‍ക്ഷണം മരിച്ചു. ചൊവ്വാഴ്ച രാവിലെ സിന്‍സിനാറ്റിയിലായിരുന്നു സംഭവം. പതിനാലുകാരനായ മകനാണ് അച്ഛന്റെ വെടിയേറ്റു മരിച്ചത്.
സാധാരണ സ്‌കൂളില്‍ പോകുന്ന സമയം രാവിലെ പത്തു മണിയോടെ ബസ് കയറുന്നതിനു പിതാവിനോടു യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു മകന്‍. ഗ്ലെന്‍വേ അവന്യുവില്‍ എഥ്തിയ ശേഷമാണ് ഇവന്‍ സ്‌കൂളില്‍ പോകേണ്ടതില്ലെന്നു തീരുമാനിച്ചത്. സ്‌കൂളില്‍ പോകുന്നില്ലെന്ന കാര്യം അച്ഛനില്‍ നിന്നു മറച്ചു വയ്ക്കാന്‍ തീരുമാനിച്ച മകന്‍ വീടിന്റെ പിന്നിലെ വാതിലിലൂടെ അകത്തു പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ ബേസ്‌മെന്റില്‍ കുട്ടി ഒളിച്ചിരിക്കുകയും ചെയ്തു. വീടിന്റെ പിന്നാമ്പുറത്ത് എന്തോ ശബ്ദം കേട്ട പിതാവ് തിരിഞ്ഞു നോക്കിയപ്പോള്‍ വീടിന്റെ ബേസ്‌മെന്റില്‍ ആരോ ഒളിച്ചിരിക്കുന്നതായി തോന്നി. പിന്നെ, യാതൊന്നും സംശയിക്കാതെ പിതാവ് ബേസ്‌മെന്റിനു നേരെ തുരുതുര വെടിയുതിര്‍ത്തുകയായിരുന്നു.
കഴുത്തില്‍ വെടിയേറ്റു വീണ മോഷ്ടാവിനെ പിടികൂടാന്‍ എത്തിയപ്പോഴാണ് ഒളിച്ചിരുന്നത് തന്റെ മകനാണെന്നു പിതാവിനു മനസിലായത്. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു. സിന്‍സിനാറ്റി കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ ഉടന്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇത് അപകടമരണമാണെന്നു സിന്‍സിനാറ്റി പൊലീസ് അറിയച്ചു. ക്രിസ്മസ് ആഘോഷിക്കാന്‍ മാതാവിന്റെ വീട്ടിലെത്തിയ മകളെ രണ്ടാഴ്ച മുന്‍പാണ് കവര്‍ച്ചക്കാരനെന്നു കരുതി അമ്മ വെടിവച്ചു കൊന്നത്.

Top