സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ട് വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിയവർ വീണ്ടും അയർലണ്ടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നും,വരും നാളുകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷയോടെയും മാസത്തിൽ 1,000 പേർ എന്ന കണക്കിൽ അയർലണ്ടിലേയ്ക്കു തന്നെ തിരിച്ചുവരുന്നുവെന്ന് കണക്കുകൾ.. ഇവരിൽ ഏറെപ്പേരും ഡബ്ലിനിൽ ജോലി നേടി അവിടെ താമസമാക്കാനാണ് ശ്രമിക്കുന്നത്. ഇത്രയും പേർ വാടകവീടുകൾക്ക് അന്വേഷണം തുടങ്ങിയത് ഈ മേഖലയിലെ പ്രതിസന്ധി വർദ്ധിപ്പിച്ചിട്ടുണ്ട്.
അയർലണ്ടിലേയ്ക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും മാസത്തിൽ 5,775ഓളം പേർ എന്ന കണക്കിൽ കുടിയേറ്റവും നടക്കുന്നുണ്ട്. ഇവരും വാടകവീടുകൾ തേടുന്നുണ്ട്. ഇത് പ്രോപ്പർട്ടികളുടെ വിലക്കയറ്റത്തിനു കാരണമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈയിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഡബ്ലിനിലെ വീടുകൾക്ക് മാർച്ച് മാസത്തിൽ 0.9% വില വർദ്ധന ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 3.9% വർദ്ധനയും രേഖപ്പെടുത്തി. ഡബ്ലിനു പുറത്തും വീടുകൾക്ക് വിലയേറുകയാണ്. മാർച്ചിൽ 0.2% വർദ്ധനയും, കഴിഞ്ഞ ഒരു വർഷത്തിനിടെ 10.5% വർദ്ധനയുമുണ്ടായി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകൾ പ്രകാരം 2014ൽ അയർലണ്ടിലേയ്ക്ക് കുടിയേറി ജോലി ചെയ്യുന്നവരുടെ എണ്ണം 60,600 ആണ്. 2015ൽ ഇത് 69,300 ആയി ഉയർന്നു. ഓരോ ആഴ്ചയിലും ഏകദേശം 1,443 പേർ എന്ന കണക്കിൽ ഇവിടെ കുടിയേറ്റം നടക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ (2010 മുതൽ 2015 വരെ) കുടിയേറ്റക്കാരുടെ എണ്ണത്തിൽ 27,500 പേരുടെ വർദ്ധന ഉണ്ടായിട്ടുണ്ട്.
അയർലണ്ടുകാരായ പുരുഷന്മാരാണ് സ്ത്രീകളേക്കാൾ ഇവിടേയ്ക്ക് മടങ്ങി വരുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സെൻട്രൽ ബാങ്കിന്റെ കർശനമായ വ്യവസ്ഥകൾ കാരണം പലർക്കും ലോൺ ലഭിക്കുന്നുമില്ല. രാജ്യം വിട്ടുപോയ 100,000 പേരെ അടുത്ത രണ്ടു വർഷത്തിനിടെ തിരികെ കൊണ്ടുവരാൻ സർക്കാർ കഴിഞ്ഞ വർഷം പദ്ധതിയുണ്ടാക്കിയിരുന്നു. രാജ്യം വിട്ടു പോയവർ തിരികെ വരുന്നത് നല്ല കാര്യമാണെങ്കിലും അത് താമസവുമായി ബന്ധപ്പെട്ട പ്രതിസന്ധി വർദ്ധിപ്പിക്കും എന്നാണ് വിദഗ്ദ്ധാഭിപ്രായം.