അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്ത് ന്യനപക്ഷ സർക്കാർ രൂപീകരിക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ ഫൈൻഗായേലും ഫിന്നാഫെയിലും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേയ്ക്ക്. ഫൈൻഗായേലിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ന്യൂനപക്ഷ സർക്കാരിനെ ഫിന്നാഫെയിൽ ഏതു തരത്തിൽ പിന്തുണയ്ക്കണം എന്നതു സംബന്ധിച്ച് തയ്യാറാക്കുന്ന ധാരണാപത്രം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇരു പാർട്ടികളും തമ്മിൽ തിങ്കളാഴ്ചയും ചർച്ച നടന്നു. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് ഇരു പാർട്ടികളുടെയും വക്താക്കൾ പ്രതികരിച്ചു. പിന്തുണ എത്തരത്തിലായിരിക്കണം എന്നതു സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും ഐറിഷ് വാട്ടർ പോലുള്ള പ്രശ്‌നങ്ങളിൽ ചർച്ചകൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ.
അതേസമയം സ്വയം മുന്നോട്ടു വരികയാണെങ്കിൽ മാത്രമേ ലേബർ പാർട്ടി ടി.ഡിമാർക്ക് സർക്കാരിൽ പങ്കാളിത്തം നൽകൂ എന്ന് താൽക്കാലിക ധനമന്ത്രിയായ മൈക്കൽ നൂനാൻ പറഞ്ഞു. ലേബർ പാർട്ടിയെയും സർക്കാരിൽ ചേർക്കണമെന്നാണ് ഫൈൻഗായേലിന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഫിന്നാഫെയിലിന്റെ പിന്തുണയോടുകൂടി എത്തരത്തിലുള്ള സർക്കാരാണ് രൂപീകൃതമാകുക എന്ന കാര്യത്തിലുള്ള ആശങ്കയാണ് താൽക്കാലിക സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെവിൻ ഹംഫ്രീസ് പങ്കുവച്ചത്. സർക്കാരിൽ അംഗമാകുന്നതിനു പകരം എല്ലാ ടി.ഡിമാർക്കും പ്രതിപക്ഷത്തിരിക്കാനാണ് നിലവിൽ ആഗ്രഹം എന്നാണ് അദ്ദേഹം പറഞ്ഞത്.
ഫൈൻഗായേലുമായി വീണ്ടും കൂട്ടുകൂടുന്നതിൽ ലേബർ പാർട്ടി ടി.ഡിമാർക്ക് എതിർപ്പുണ്ട്. അത് പാർട്ടി അണികളെ പാർട്ടിക്കെതിരാക്കും എന്നാണ് അവരുടെ പക്ഷം. അതേസമയം ഫൈൻഗായേലിനു പിന്തുണ നൽകണോ എന്ന കാര്യത്തിൽ ലേബർ പാർട്ടി ഉന്നതവൃത്തങ്ങൾ അവസാന തീരുമാനം പറഞ്ഞിട്ടില്ല. പാർട്ടി ടി.ഡിമാർ തന്നെ ഇക്കാര്യത്തിൽ രണ്ടുതട്ടിലാണ്. ലേബർ നേതാക്കളായ ജോൺ ബർട്ടൻ, ബ്രെൻഡൻ ഹൗളിൻ എന്നിവർ തീരുമാനം നീട്ടിവച്ചെങ്കിലും ഫൈൻഗായേലുമായി ബന്ധം ഊഷ്മളമാണെന്നാണ് പറഞ്ഞത്.
ലേബർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നത് സർക്കാർ രൂപീകരണം വൈകിപ്പിക്കും എന്ന അഭിപ്രായം ഫൈൻഗായേലിനുള്ളിലും ഉയരുന്നുണ്ട്. എന്നാൽ ലേബറിനെ സർക്കാരിൽ ചേർക്കണം എന്ന് കടുംപിടിത്തം പിടിച്ചിരിക്കുകയാണ് കാവൽ പ്രധാനമന്ത്രിയും ഫൈൻഗായേൽ നേതാവുമായ എൻഡ കെന്നി.