വാട്ടർചാർജ് പിൻവലിക്കാൻ ഫൈൻഗായൽ സമ്മതിച്ചു: സർക്കാർ രൂപീകരണശ്രമങ്ങൾ അന്തിമഘട്ടത്തിൽ

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: രാജ്യത്ത് പുതിയ സർക്കാർ അധികാരത്തിലേയ്‌ക്കെന്ന പ്രതീക്ഷകൾ നൽകി ഫിന്നാ ഫെയിലും ഫൈൻ ഗായേലും തമ്മിൽ ധാരണയിലേയ്‌ക്കെത്തുന്നു. വാട്ടർചാർജ് പ്രശ്‌നത്തിൽ ബലം പിടിച്ചു നിന്ന ഫിന്നാഫെയിലിന്റെ ആവശ്യം ഫൈൻഗായേലിന്റെ മുൻ പ്രധാനമന്ത്രി എൻഡാകെനി അംഗീകരിച്ചതോടെയാണ് സർക്കാർ രൂപീകരണം അന്തിമഘട്ടത്തിലേയ്ക്ക് എത്തിയത്. വാട്ടർ ചാർജ് പിൻവലിക്കും എന്ന വാഗ്ദാനം ചർച്ചയുടെ ആദ്യ ഘട്ടത്തിൽ ഫൈൻ ഗായേൽ അംഗീകരിച്ചതായിരുന്നുവെങ്കിലും പിന്നീട് പിൻമാറിയത് കഴിഞ്ഞ ആഴ്ചയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ട്ടിച്ചിരുന്നു. ഇപ്പോഴാകട്ടെ ചാർജ്ജ് താൽക്കാലികമായി നിർത്തലാക്കാം എന്നാണ് കെന്നി ഫിന്നാഫെയിലുമായി നടത്തിയ ചർച്ചയിൽ സമ്മതിച്ചത്.വാട്ടർ ചാർജ്ജ് പുനഃപരിശോധിക്കാനായി സ്വതന്ത്ര കമ്മിഷനെ നിയോഗിക്കുകയും ചെയ്യുമെന്ന് കെന്നി, ഫിന്നാഫെയിൽ നേതാവ് മൈക്കൽ മാർട്ടിന് ഉറപ്പുനൽകി. സ്വതന്ത്ര കമ്മിഷൻ നൽകുന്ന റിപ്പോർട്ട് അനുകൂലമാണെങ്കിൽ വാട്ടർ ചാർജ്ജ് പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്ന് പ്രത്യുപകാരമായി കെന്നി, മാർട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പുനൽകാൻ കഴിയില്ലൊണ് മാർട്ടിന്റെ നിലപാട്. വാട്ടർ ചാർജ്ജ് നിർത്തലാക്കാതെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള കരാറുകളിലും ഏർപ്പെടാൻ കഴിയില്ല എന്ന ഫിന്നാഫെയിലിന്റെ കടുംപിടിത്തത്തിനു മുന്നിൽ കെന്നിയും ഫൈൻഗായേലും വഴങ്ങുകയായിരുന്നു. വീണ്ടും ഇലക്ഷൻ നടക്കുന്നത് ഒഴിവാക്കാനും, രണ്ടാം തവണയും അധികാരത്തിൽ വരാനും ഇത് കെന്നിയെ സഹായിക്കും. സ്വതന്ത്രരുടെ പിന്തുണ കൂടി സർക്കാരിന് ലഭിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ലിയോ വരേദ്കർ ഇന്ന് സ്വതന്ത്രരുമായി ചർച്ച നടത്തും. ആറു സ്വതന്ത്രരുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമൊണ് ഫൈൻഗായേൽ കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top