സ്വന്തം ലേഖകൻ
ഡബ്ലിൻ: ഫൈൻ ഗായേലിനുള്ളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള ചർച്ചകളിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഇപ്പോൾ ഫിന്നാ ഫെയിൽ ചെയ്തിരിക്കുന്നത്. ഫിന്നാ ഫെയിലുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഫൈൻ ഗായേലിനു എൻഡ കെന്നിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മാറ്റാൻ കഴിയും എന്നത് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മോഹത്തിന് തിരിച്ചടിയാകുന്നു. ഫിന്നാഫെയിലുമായി എഴുതിയുണ്ടാക്കാൻ പോകുന്ന കരാറിൽ, മന്ത്രിസഭാ രൂപീകരണം, പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കൽ എന്നിവയ്ക്കുള്ള അധികാരം ഫൈൻ ഗായേലിൽ മാത്രം നിക്ഷിപ്തമായിരിക്കും. ഇതു പ്രകാരം വേണമെങ്കിൽ കെന്നിയെ സ്ഥാനത്തു നിന്നും മാറ്റാനും ഫൈൻഗായേലിലെ മറ്റു നേതാക്കൾക്ക് കഴിയും.
ഇപ്പോൾ തന്നെ കെന്നിയെ അനുകൂലിയ്ക്കുന്നവരുടെ എണ്ണം ദിവസേനെ കുറയുകയാണ്.ഒരു ന്യൂനപക്ഷ പ്രധാനമന്ത്രിയായി കെന്നി അധികാരമേറ്റാൽ ഈ പിന്തുണ ഇനിയും കുറയുമെന്നും പാർട്ടിയിലെ ഉൾപ്പോര് തന്നെ അടുത്ത ഇലക്ഷനിലേയ്ക്ക് നീങ്ങുമെന്നുമാണ് ഫിന്നാഫെയിലിന്റെ മനസിലിരുപ്പ്. ഇലക്ഷൻ കാലത്ത് കെന്നിയുടെ ഭാഗത്തു നിന്നമുണ്ടായ അബദ്ധങ്ങളാണ് ഫൈൻഗായേലിനെ ജനങ്ങളിൽ നിന്നും അകറ്റിയതും, കുറവ് സീറ്റ് ലഭിക്കുന്നതിലേയ്ക്ക് നയിച്ചതും എന്ന് ഇപ്പോൾത്തന്നെ വിമർശനമുണ്ട്. എന്നാൽ കെന്നിയെ മാറ്റുന്നത് സർക്കാർ രൂപീകരണത്തെ ബാധിക്കുമോ എന്ന ഭയവും മറ്റ് നേതാക്കന്മാർക്കുണ്ട്.
മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് റോളില്ല എന്ന കാര്യം ഫിന്നാഫെയിലിന്റെ മുതിർന്ന നേതാക്കളും സമ്മതിച്ചു. എങ്കിലും പിന്തുണ നൽകാൻ ചില കാര്യങ്ങളിൽ ഫിനഗേലിൽ നിന്നും ഉറപ്പു ലഭിക്കണം എന്ന നിലപാടിലാണ് ഫിന്നാഫെയിൽ. ടാക്‌സ് കുറയ്ക്കുക, നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ട് പുനസ്ഥാപിക്കുക തുടങ്ങിയവയാണ് ഇത്. പക്ഷേ ഐറിഷ് വാട്ടർ പ്രശ്‌നത്തിൽ ഇരു പാർട്ടികളും ഇപ്പോഴും രണ്ടു തട്ടിലാണ്. എങ്കിലും ഇക്കാര്യത്തിലും ധാരണയിലെത്താൻ കഴിയുമെന്നാണ് കരതുന്നതെന്ന് പാർട്ടി വക്താവ് പറഞ്ഞു.