സ്വന്തം ലേഖകൻ
ഡബ്ലിൻ:ഫിനഗേൽ മന്ത്രിമാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ജോൺ ഹാലിഗൻ രംഗത്ത്. ഒരു ഇന്റവ്യൂവിനിടെയാണ് ഹാലിഗൻ ഈ ആരോപണമുന്നയിച്ചത്. തന്നെ പുറത്താക്കാൻ പ്രധാനമന്ത്രി എൻഡ കെന്നിയെ വെല്ലുവിളിക്കുകയും ചെയ്തു അദ്ദേഹം. അതേസമയം വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ താൻ ആവശ്യപ്പെട്ട സൗകര്യങ്ങൾ രോഗികൾക്ക് നൽകാത്തപക്ഷം രാജി വയ്ക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. രോഗികളുടെ സൗകര്യത്തിനായി രണ്ടാമതൊരു കാതറ്ററൈസേഷൻ ലബോറട്ടറി സ്ഥാപിക്കണമെന്നാണ് ഹാലിഗന്റെ ആവശ്യം. സ്വതന്ത്രസഖ്യകക്ഷികളുടെ ചേരിയിലാണ് മന്ത്രി ഹാലിഗൻ.
ഫിനഗേൽ മന്ത്രിമാരായ മൈക്കൽ നൂനാൻ, സിമോൺ കൊവേനി, ലിയോ വരേദ്കർ എന്നിവരോട് തനിക്ക് വെറുപ്പാണെന്ന് ഹാലിഗൻ ഇന്റർവ്യൂവിൽ തുറന്നടിച്ചു. സർക്കാരിനെ താഴെ വീഴ്ത്താൻ തനിക്കാഗ്രഹമില്ലെങ്കിലും, മറ്റു വഴികൾ ഉണ്ടായില്ലെങ്കിൽ അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹാലിഗൻ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെങ്കിൽ മുൻ ഫിനഗേൽ മന്ത്രി മൈക്കൽ ലൗറിയുടെ പിന്തുണ തേടുകയാകും ചെയ്യുക.