സ്വന്തം ലേഖകൻ
ഡബ്ലിൻ: ഫൈൻ ഗായേലിന്റെ നേതൃത്വത്തിൽ സർക്കാരുണ്ടാക്കാൻ എൻഡ കെന്നിക്ക് തന്ത്രം പറഞ്ഞുകൊടുത്ത് ഫിന്നാ ഫെയിൽ നേതാവ് മൈക്കൽ മാർട്ടിൻ. കുറഞ്ഞത് എട്ട് സ്വതന്ത്രരുടെയെങ്കിലും വോട്ട് ലഭിക്കുന്ന പക്ഷം സർക്കാർ രൂപീകരിക്കാൻ ഫൈൻ ഗായേലിനു കഴിയുമെന്നാണ് മാർട്ടിൻ ഉപദേശിക്കുന്നത്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ നിന്നും ഫിന്നാ ഫെയിൽ ടി.ഡിമാർ വിട്ടു നിന്നാലും കെന്നിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും മാർട്ടിൻ കണക്കുകൂട്ടുന്നു. ഇന്നലെ നടന്ന മൂന്നാം വട്ട വോട്ടെടുപ്പിലും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നാണ് മാർട്ടിന്റെ പുതിയ തന്ത്രം.
ഫിന്നാ ഫെയിൽ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നാൽ കെന്നിയ്ക്ക് ന്യൂനപക്ഷ സർക്കാർ ഉണ്ടാക്കാനുള്ള സാങ്കേതിക ഭൂരിപക്ഷം ലഭിക്കണം എങ്കിലും 8 ടി ഡി മാരുടെ പിന്തുണ കൂടി വേണം.ആയതിനാൽ 8 സ്വതന്ത്ര ടി ഡി മാരെ പക്ഷത്തു നിർത്താനുള്ള ഒരുക്കങ്ങൾ ഫിനഗേൽ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം ഫിന്നാ ഫാളും, ഫൈൻ ഗായേലും തമ്മിൽ ധാരണയിലെത്തുകയാണെങ്കിൽ, ഒരു തരത്തിലുള്ള കരാറും എഴുതി നൽകരുത് എന്ന് മാർട്ടിൻ ടി.ഡിമാർക്ക് താക്കീതു നൽകി. ഫിന്നാഫെയിലിൽ നിന്നും കരാർ എഴുതി വാങ്ങണമെന്ന് കഴിഞ്ഞ ദിവസം ഒരു ഫൈൻഗായേൽ ടി.ഡി അഭിപ്രായപ്പെട്ടിരുന്നു.
കെന്നിക്ക് നിലവിൽ രണ്ട് സ്വതന്ത്രരുടേതടക്കം 52 ടി.ഡിമാരുടെ പിന്തുണയാണുള്ളത്. ബജറ്റ്, വാട്ടർ ചാർജ്ജ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും ഫൈൻഗായേലിനെ പിന്തുണയ്ക്കണോ എന്ന് ഫിന്നാ ഫെയിൽ തീരുമാനിക്കുക.
ലേബർ പാർട്ടിയെ സർക്കാരിൽ എടുക്കാതെ സ്വതന്ത്രരുടെ പിന്തുണയോടെ കെന്നിയ്ക്ക് പ്രധാനമന്ത്രിയാവാൻ അടുത്ത ബുധനാഴ്ചയും സാധിച്ചില്ലെങ്കിൽ മേയ് മാസത്തിൽ അയർലണ്ട് വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങും.