ഫോക്‌സവാഗന്റെ കാറുകളില്‍ കൃത്രിമം: അയര്‍ലന്‍ഡില്‍ ചതിയില്‍പ്പെട്ട് 80,000 കാറുകള്‍

ബര്‍ലിന്‍: ഫോക്‌സ്‌വാഗന്‍ കമ്പനി യൂറോപ്പിലിറക്കിയ കാറുകളിലും മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതായി ജര്‍മനി വെളിപ്പെടുത്തി. 2009 മുതല്‍ 2014 വരെ അയര്‍ലന്‍ഡില്‍ വിറ്റ 80,000 കാറുകളെയും ഫോക്‌സ് വാഗന്‍ നടത്തിയ തട്ടിപ്പ് ബാധിക്കും. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്പനി കുറ്റസമ്മതം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ അമേരിക്കയില്‍ ക്രിമിനല്‍ക്കുറ്റത്തിന് അന്വേഷണം നേരിടുകയാണ്. കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഔഡിയുടെ ഗവേഷണവിഭാഗം തലവന്‍ ഉള്‍റിഹ് ഹിക്കന്‍ബര്‍ഗ്, പോര്‍ഷെയുടെ ഗവേഷണ മേധാവി വുള്‍ഫ്ഗാംഗ് ഹാട്‌സ്, ഫോക്‌സ്‌വാഗന്റെ അമേരിക്കന്‍ മേധാവി മൈക്കള്‍ ഹോണ്‍ എന്നിവരെ വെള്ളിയാഴ്ച രാജിവയ്പിക്കും. ജര്‍മന്‍ പത്രമായ ബില്‍ഡ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തതു കമ്പനിയുമായി ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചു.

ഫോക്‌സ്‌വാഗന്‍ യൂറോപ്പില്‍ ഇറക്കിയ 1.6, 2.0 ലിറ്റര്‍ ഡീസല്‍മോഡലുകളില്‍ തട്ടിപ്പ് സോഫ്റ്റ വെയര്‍ ഘടിപ്പിച്ചതായി ജര്‍മനിയിലെ ഗതാഗതമന്ത്രി അലക്‌സാണ്ടര്‍ ഡൊബ്രിന്‍ഡ് വ്യക്തമാക്കി. ലോകമെമ്പാടും വിറ്റഴിഞ്ഞ 1.1 കോടി കാറുകളില്‍ കൃത്രിമം കാണിച്ചെന്ന് കമ്പനി സമ്മതിച്ചിരുന്നു. പിഴയായി 1800 കോടി ഡോളറെങ്കിലും നല്‍കേണ്ടിവരുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് ഫോക്‌സ്‌വാഗന്‍ ഓഹരിവില യൂറോപ്പില്‍ മൂന്നിലൊന്നായി കുറഞ്ഞിരുന്നു. ഫോക്‌സ്‌വാഗന്‍ പ്രതിസന്ധി ജര്‍മനിയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുമെന്ന് ആശങ്കപരന്നിട്ടുണ്ട്. ഫോക്‌സ് വാഗണ്‍ കാറുകള്‍ വിറ്റ എല്ലാ രാജ്യക്കാരും ഇനി നിയമ നടപടിയുമായി രംഗത്തെത്തിയേക്കാമെന്ന് വിദഗ്ദര്‍ പറയുന്നു.
പിഴയടക്കേണ്ടി വന്നാല്‍ അമേരിക്കയില്‍ മാത്രം ഏതാണ് 1.18 ലക്ഷം കോടി രൂപ പിഴ അടയ്‌ക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കമ്പനി ലോകമൊട്ടാകെ വിറ്റ 11 ദശലക്ഷം വാഹനങ്ങളിലെ എഞ്ചിനിലും മാറ്റം വരുത്തേണ്ടതായി വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജര്‍മനിയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊരാളാണ് കമ്പനി. 2,70,000ത്തിലേറെ പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഫോക്‌സ്‌വാഗന്‍ പ്രതിസന്ധി മറ്റ് ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളെയും ബാധിച്ചേക്കാം. ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വില്പനയിടിഞ്ഞാല്‍ ജര്‍മന്‍ സമ്പദ്ഘടനയ്ക്കുതന്നെ തിരിച്ചടിയാകുമെന്ന് ഐഎന്‍ജിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ കാര്‍സ്‌റ്റെണ്‍ ബ്രസ്‌കി മുന്നറിയിപ്പ് നല്‍കുന്നു. ഗ്രീസ് നേരിട്ട പ്രതിസന്ധിയേക്കാള്‍ രൂക്ഷമാകും ഇതെന്നും അദ്ദേഹം പറയുന്നു.

Top