ദമ്മാം: ഇന്ത്യയുടെ അറുപത്തിയൊണ്‍പതാമത് സ്വാതന്ത്ര്യ ദിനത്തിൽ അൽ ഖോബാറിലെ ഇർഷാദുല്‍ ഔലാദ് മദ്രസയിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ‘ഹമാരാ ഹിന്ദ്’ എന്ന പേരിൽ സ്വാതന്ത്ര്യദിന സംഗമം നടത്തി. മദ്രസ്സാ അങ്കണത്തിൽ നടന്ന പരിപാടി ഒ ഐ സി സി ദമ്മാം റീജണല്‍ ജനറൽ സെക്രട്ടറി ഇ. കെ.സലിം ഉല്‍ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ നാളിതുവരെ നമ്മുടെ അയൽ ഇസ്ലാമിക രാജ്യങ്ങളിലെ മുസ്ലിം സമൂഹത്തിനെക്കാളും കൂടുതൽ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് ലഭിക്കുന്നുണ്ടെന്ന് ‘ഹമാരാ ഹിന്ദ്’ സ്വാതന്ത്ര്യ ദിനസംഗമത്തിൻറെ ഉദ്ഘാടന പ്രസംഗത്തിൽ ഇ.കെ.സലിം പറഞ്ഞു. മതേതരത്വത്തിലധിഷ്ടിതമായി ശക്തമായൊരു ഭരണ ഘടന ഇന്ത്യക്കുണ്ട്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ രാജ്യത്തിൻറെ നിരവധി തന്ത്രപ്രധാന സ്ഥാനമാനങ്ങളിൽ മുസ്ലീം സമുദായംഗങ്ങൾ എത്തിയിട്ടുണ്ട്. രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് തന്റെ അനുയായികളെ പഠിപ്പിച്ച പ്രവാചകന്റെ പാതയാണ് ഇന്ത്യൻ മുസ്ലീങ്ങൾ പിന്തുടരുന്നത്. തിരുഗേഹങ്ങൾ നിലകൊള്ളുന്ന സൗദി അറേബ്യയുടെ പുണ്യഭൂമിയിൽപ്പോലും മുസ്ലീം നാമധാരികളായ ചിലർ നടത്തുന്ന ഭീകരാക്രമണങ്ങൾ ലോകത്തിന് മുന്നിൽ ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്ന ഗൂഡശക്തികൾക്ക് വേണ്ടിയാണ്. ഇവർക്ക് വേണ്ടി പ്രവർത്തിക്കുന്ന മുസ്ലിം നാമധാരികളാണ് യഥാര്‍ത്ഥത്തിൽ നമ്മുടെ ശത്രുക്കള്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗമത്തിൽ പങ്കെടുത്ത കുട്ടികളും മുതിർന്നവരും ഭാരതത്തിന്റെ ദേശീയ പ്രതിജ്ഞയെടുത്തു. ഐ സി എഫ് മിഡില്‍ ഈസ്റ്റ് പ്രസിഡണ്ട് സയ്യിദ് അബ്ദുരഹ്മാൻ ആറ്റക്കോയ തങ്ങള്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ഐ സി എഫ് സെന്‍ട്രൽ ജനറല്‍ സക്കട്രി കെ.വി. അഹമദ് കുട്ടി ഹാജി, സംഘടനാകാര്യ സെക്രട്ടറി സുബൈര്‍ സഖാഫി, ക്ഷേമകാര്യ സെക്രട്ടറി മുഹമ്മദ് പാപ്പിനിശ്ശേരി, മുഹമ്മദ് ബെൽങ്ങടി എന്നിവ൪ സംസാരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം പങ്കുവച്ച് മധുരവും പായസവും വിതരണം ചെയ്തു.