അബുദാബി: കഴിഞ്ഞ ദിവസം മുസഫ്ഫയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ട സജീവ സുന്നി പ്രവര്‍ത്തകനും എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍, മുസഫ്ഫ യൂണിറ്റ്, ആര്‍ എസ് സി പ്രവര്‍ത്തകനുമായ കാസര്‍കോഡ് കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി ജാബിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മസ്ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന് ശേഷം എയര്‍ഇന്ത്യ എക്‌സ്പ്രസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. രണ്ടാഴ്ച മുമ്പ് ആദ്യമായി യു എ ഇയിലെത്തിയ ജാബിദ് കാഞ്ഞങ്ങാടി പുഞ്ചാവി സദ്ദാംമുക്ക് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ അബ്ദുര്‍റഹ്മാന്റെയും കൊളവയലിലെ ആസ്യയുടെയും മകനാണ്. സിറ്റിടെക് ഫയര്‍ സേഫ്റ്റികമ്പനിയിലെ ജീവനക്കാരനായിരുന്നു. കമ്പനിയിലെ പിക്കപ്പ് വാഹനത്തിലെത്തിയ സേഫ്റ്റി ക്യാസ് സിലിണ്ടര്‍ വാഹനത്തില്‍ നിന്നും ഇറക്കിവെക്കുന്നതിനിടയില്‍ വാള്‍വ് ഊരി മുഖത്തേക്ക് തെറിച്ച് അപകടത്തില്‍ പെടുകയായിരുന്നു.
സുന്നി നേതാക്കളായ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ, പി വി അബൂബക്കര്‍ മൗലവി, സിദ്ദീഖ് അന്‍വരി , അബൂബക്കര്‍ അസ്ഹരി, ഹംസ അഹ്‌സനി വയനാട്, സിദ്ദീഖ് പൊന്നാട്, ഫഹദ് സഖാഫി,തുടങ്ങിയ ഐ സി എഫ്, ആര്‍ എസ് സി നേതാക്കള്‍ മൃതദേഹം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി.