സ്വന്തം ലേഖകൻ
ഡബ്ലിൻ: സ്വവർഗാനുരാഗം അവകാശമാണെന്നു പ്രഖ്യാപിച്ച് രാജ്യത്തെ സ്വവർഗാനുരാഗികൾ പ്രൈഡ് പരേഡ് ആവേശമാക്കി. നിരവധി കമ്പനികൾ പിൻതുണയുമായെത്തിയ പ്രൈഡ് പരേഡിൽ സ്വവർഗാനുരാഗത്തെ പിൻതുണയ്ക്കുന്ന ആയിരങ്ങളാണ് പങ്കെടുത്തത്. പ്രൈഡ് പരേഡിനു പിൻതുണയുമായി ആയിരങ്ങൾ എത്തുക കൂടി ചെയ്തതോടെ ഇരട്ടി ആവേശമാണ് സ്വവർഗാനുരാഗികളെ കാത്തിരുന്നത്.
ഗ്ലെന്നിന്റെ ഉടമസ്ഥതയിലുള്ള ഡൈവേഴ്‌സിറ്റി ചാംപ്യൻസ് പ്രോഗ്രാം അടക്കം നിരവധി കമ്പനികളിൽ നിന്നുള്ള ജീവനക്കാർ പ്രൈഡ് പരേഡിൽ പങ്കെടുക്കാൻ നേരിട്ടെത്തി എന്നതായിരുന്നു ഏറെ നിർണായകമായത് ഗ്ലെന്നിനു പുറമെ ഡ്യൂഷെ ബാങ്ക്, വേൾഡൈ്വഡ് കെയർ, ബ്രൗൺ ബ്രദേഴ്‌സ് ഹാരിമൻ, ഇഎസ്ബി, ഐബിഎം, ഡെൽ, മെറ്റ്‌ലൈഫ്, പിഡബ്ല്യുസി, ട്രിനിറ്റി കോളജ് ഡബ്ലിൻ, അക്‌സെൻച്വർ, ഡബ്ലിൻ സിറ്റി കൗൺസിൽ, ലിങ്ക്ഡ് ഇൻ, വോഡഫോൺ തുടങ്ങിയവയും പരേഡിന് പിന്തുണയുമായി തെരുവിലിറങ്ങി. എയർ, സ്‌കൈ, മൈക്രോസോഫ്റ്റ്, എയ്, ഫേസബുക്ക്, ഇൻഡീഡ്, ബാങ്ക് ഓഫ് അയർലണ്ട്, പേപാൾ തുടങ്ങിയവയും പരേഡിന് ശക്തമായ പിന്തുണ നൽകി.
ഇത്രയും കമ്പനികളും വ്യാപാരസ്ഥാപനങ്ങളും സ്വവർഗാനുരാഗികളുടെ അവകാശത്തെ പിന്തുണയ്ക്കാനായി മുന്നോട്ടു വരുന്നത് സന്തോഷകരമാണെന്ന് ഗ്ലെൻ വർക്ക് പ്ലേസ് ഡയറക്ടർ ഡേവിഡ് റോച്ചേ പറഞ്ഞു. ജോലി സ്ഥലങ്ങളിൽ തങ്ങൾക്കും തുല്യ അവകാശമാണുള്ളതെന്ന് സ്വവർഗാനുരാഗികൾ തെളിയിക്കുകയാണ് പരേഡിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷമാദ്യം എൽജിബിടി അയർലണ്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, രാജ്യത്തെ നാലിൽ ഒന്ന് സ്വവർഗാനുരാഗികളും തങ്ങൾക്ക് ജോലി സ്ഥലത്ത് തുല്യമായ അവകാശങ്ങൾ ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. സ്വവർഗാനുരാഗികളായവരോടൊത്ത് ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് സർവേയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾ വീതം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ എല്ലാ കമ്പനികളിലും സ്വവർഗാനുരാഗികൾക്ക് തുല്യമായ അവകാശങ്ങൾ നൽകുക എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പരേഡ് ലക്ഷ്യം വയ്ക്കുന്നത്.