അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് തുടരുന്നതിനിടെ സർക്കാരിന്റെ സ്ഥിരതയെച്ചൊല്ലി ആശങ്കകൾ വീണ്ടും ശക്തമാകുന്നു. രാജ്യത്ത് ഇപ്പോൾ തുടരുന്ന നയങ്ങൾ സർക്കാരിനു കനത്ത ഭീഷണി ഉയർത്തുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഫിന്നാഫെയിലിന്റെ നയങ്ങളുമായി ഫൈൻഗായേൽ ഭരിക്കുന്ന സർക്കാർ എന്നതാവും രാജ്യത്തെ പുതിയ സർക്കാരിന്റെ നയമെന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ അയർലണ്ടിൽ ഉണ്ടാകും എന്ന് പറയപ്പെടുന്ന സർക്കാരിന്റെ സ്വഭാവം അതായിരിക്കും. ഫിന്നാഫെയിൽ പ്രതിപക്ഷത്ത് ആയിരിക്കും സ്ഥാനം നേടുക.ഫലത്തിൽ പ്രതിപക്ഷത്തിന്റെ നയങ്ങൾ നടപ്പാക്കാൻ രൂപീകരിക്കപ്പെടുന്ന സർക്കാരായിരിക്കും അയർലണ്ടിൽ ഇനി ഉണ്ടാവുക.
പുതിയ ന്യൂനപക്ഷ സർക്കാരിന് രൂപീകരിക്കാവുന്നതും നടപ്പിലാക്കാവുന്നതുമായ പദ്ധതികളെ കുറിച്ചുള്ള കൃത്യമായ ധാരണയാണ് ഫിന്നാഫെയിൽ എൻട കെന്നിയ്ക്കും കൂട്ടർക്കും കരാറിന്റെ രൂപത്തിൽ നല്കിയിരിക്കുന്നത്.പേജുകൾ വരുന്ന ഈ കരാറിന് ഫിന്നാഫെയിലിന്റെ പാർലിമെന്ററി പാർട്ടി ഇന്നലെ ചർച്ച ചെയ്ത് അംഗീകാരം നൽകി.തുടർന്ന് ചേർന്ന ഫൈൻഗായേൽ പാർലിമെന്ററി പാർട്ടി ഫിന്നാഫെയിലിന്റെ ധാരണകൾ അംഗീകരിക്കുന്നതിന് എൻട കെന്നിയ്ക്കും അംഗീകാരം നൽകി.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തുടർ ചർച്ചകളിൽ ഏതെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കപ്പെടുന്നതിനായി ഫൈൻഗായേലിന്റെ നേതാവായ എൻഡ കെന്നിയും ഫിന്നാഫെയിലിന്റെ നേതാവ് മൈക്കൽ മാർട്ടിനും നേരിട്ട് ചർച്ചകൾ നടത്തും.നിലവിൽ ഉണ്ടാക്കിയ കരാർ അനുസരിച്ച്,അവ പാലിക്കപ്പെട്ടാൽ അടുത്ത മൂന്നു വർഷക്കാലം നേതൃത്വത്തിൽ തുടരാൻ ഫിന്നാഫെയിൽ ഫൈൻഗായേലിനെ അനുവദിക്കും. എങ്കിലും സർക്കാർ രൂപീകരണം വൈകുമെന്നാണ് സൂചന.സ്വതന്ത്രൻമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അവരുമായുള്ള ധാരണകൾ ഇനിയും കൃത്യത വരുത്തേണ്ടതുണ്ട്.
യൂണിവേഴ്‌സൽ സോഷ്യൽ സർവീസ് ചാർജ് വെട്ടിക്കുറയ്ക്കൽ.പെൻഷൻ തുകയിൽ വർദ്ധിപ്പിക്കൽ,ഗാർഡയുടെ അംഗബലം വർദ്ധിപ്പിക്കുക, കുട്ടികളുടെ ആരോഗ്യത്തിന് പദ്ധതികൾ ആവിഷ്‌കരിക്കുക തുടങ്ങിയവ പാർട്ടികൾ തമ്മിൽ സമ്മതിച്ച കരാറിലുണ്ട്. സർക്കാർ രൂപീകരിച്ച ശേഷം ആറു മാസത്തിനുള്ളിൽ വാട്ടർ ചാർജ്ജ് നിർത്തലാക്കുകയും ചെയ്യും.
2018 ൽ റിവ്യൂ നടത്തി സർക്കാരിന്റെ പുനർപ്രവർത്തനം നിർണയിക്കും എന്ന് പറയുന്നുണ്ടെങ്കിലും ഫിന്നാഫെയിലിന്റെ വിരൽതുമ്പിൽ അത്രയും നാൾ ഫൈൻഗായേൽ പാർട്ടി ഒന്നടങ്കം നിലനിൽക്കുമോ എന്നത് കണ്ടറിയണം.സർക്കാർ തകർന്നാലും, ഫൈൻഗായേൽ പിളർന്നാലും,കിംഗ് മേക്കർ സ്ഥാനത്തുള്ള ഫിന്നാഫെയിലിനായിരിക്കും ലാഭമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്