സ്വന്തം ലേഖകൻ
ഡബ്ലിൻ: ഫിന്നാഫെയിലും ഫൈൻഗായേലും തമ്മിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയെടുത്ത ധാരണകൾ വീണ്ടും തകരുന്നു. ആറോ, ഒമ്പതോ മാസത്തേയ്ക്ക് മാത്രം വാട്ടർ ചാർജ്ജ് നിര്ത്തലാക്കുന്നതുകൊണ്ട് കാര്യമില്ല എന്നാണ് ഫിന്നാഫെയിലിന്റെ പുതിയ നിലപാട്. വോട്ടർമാർക്ക് തങ്ങൾ നൽകിയ വാഗ്ദാനം പാലിക്കപ്പെടണമെങ്കിൽ വാട്ടർ ചാർജ്ജ് പൂർണ്ണമായും നിർത്തലാക്കണം എന്നാണ് ഫിന്നാഫെയിൽ പറയുന്നത്.
വാട്ടർ ചാർജിൽ മാറ്റം വരുത്താമെന്ന് പറഞ്ഞ് ഫിന്നാഫെയിൽ നേതാക്കളുമായി ഇന്നലെ ചർച്ച തുടങ്ങിയ എൻട കെന്നി ഒമ്പത് മാസത്തേയ്ക്ക് വാട്ടർ ചാർജ് പിൻവലിക്കാം എന്ന അഭിപ്രായമാണുയർത്തിയത്. അതേസമയം മൂന്നോ അഞ്ചോ വർഷത്തേയ്ക്ക് ചാർജ്ജ് നിർത്തലാക്കാൻ കഴിയില്ല എന്ന് ഫൈൻഗായേലും നിലപാടെടുത്തതോടെയാണ് ചർച്ചകൾ എങ്ങുമെത്താതെ പിരിഞ്ഞത്. 90ലേറെ ടി.ഡിമാരും വാട്ടർ ചാർജ്ജിനെതിരാണെന്ന് ഫിന്നാഫെയിൽ വക്താവും പറയുന്നു. വാട്ടർ ചാർജ്ജ് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഓയിറിയാഷ്റ്റാസ് കമ്മറ്റി രൂപീകരിക്കണമെന്നും ഫിന്നാഫെയിൽ പറയുന്നു.
തങ്ങൾ സർക്കാർ രൂപീകരിക്കാൻ ഫൈൻഗായേലിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, അവരോടൊപ്പം സർക്കാർ ഉണ്ടാക്കുകയല്ലെന്നും ഫിന്നാഫെയിൽ വക്താവ് പറഞ്ഞു.