മിന:വ്യാഴാഴ്ച തിക്കിലും തിരക്കിലും മരിച്ച ഹജ് തീര്‍ഥാടകരുടെ എണ്ണം 769 ആയി. ഒന്നര വയസ്സുള്ള കുഞ്ഞ് അടക്കം ആറു മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. ഇതോടെ എട്ടു മലയാളികളടക്കം 29 ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തില്‍ മൊത്തം 934 പേര്‍ക്കാണു പരുക്കേറ്റതെന്നും സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലീഹ് അറിയിച്ചു.കൊല്ലം കടയ്ക്കല്‍ പേഴുംമൂട് ഷിഫില്‍ മന്‍സിലില്‍ അബ്ദുല്‍ കലാമിന്റെ മകനും റിയാദ് ഐ സി എഫ് ദാഈയുമായ സുല്‍ഫിക്കര്‍ നഈമി (33), പുനലൂര്‍ സലീനാ മന്‍സിലില്‍ പരേതനായ ഹബീബിന്റെ മകന്‍ സജീവ് ഹബീബ് (42), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിയുടെ ഭാരൃ കടയില്‍ വീട്ടില്‍ ആമിന, കോഴിക്കോട് ഫറോക്ക് കല്ലമ്പാറ സ്വദേശി മുനീറിന്റെ മകന്‍ വി ടി മുഹമ്മദ് ഫായിസ് (രണ്ട്) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ബന്ധുക്കള്‍ക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശി ആശാരിപ്പടി അബ്ദുര്‍റഹ്മാന്‍ (51), പാലക്കാട് വടക്കുഞ്ചേരിക്കടുത്ത് പുതുക്കോട് മൈദാകര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ഖാദര്‍ (62) എന്നിവരുടെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മിനാ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 8.മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയി. നാല് മലയാളികള്‍ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്.
769 പേരാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സഊദിയിലുള്ള സുല്‍ഫിക്കര്‍ നഈമി മാതാപിതാക്കളോടൊപ്പം സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജ് ചെയ്യാനെത്തിയത്. മിനായിലെ തിരക്കില്‍പ്പെട്ട് പിതാവ് അബ്ദുല്‍ കലാമിനെ നേരത്തെ കാണാതായിരുന്നുവെങ്കിലും പിന്നീട് കണ്ടെത്തി. അതേസമയം, നഈമിയുടെ കൂടെ കാണാതായ ഉമ്മ ലൈലാബിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടത്തില്‍ സാരമായി പരുക്കുകളോടെ മിനാ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുല്‍ഫിക്കര്‍ നഈമിയുടെ മരണം സംഭവിച്ചത്. മയ്യിത്ത് ഇന്നലെ രാത്രിയോടെ മിനായില്‍ ഖബറടക്കി. മരിച്ച ആമിനയുടെ മയ്യിത്ത് സഹോദരന്‍ അഫ്‌സലാണ് തിരിച്ചറിഞ്ഞത്. ഭര്‍ത്താവ് കുഞ്ഞുമുഹമ്മദ് ശാഫിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സൗഊദിയിലെ റിയാദില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി മെക്കാനിക്ക് ജോലിചെയ്തു വരികയായിരുന്നു മരിച്ച സജീവ് ഹബീബ്. സൗഊദിയിലെ സുഹൃത്തുക്കള്‍ അടങ്ങുന്ന പത്തംഗ സംഘത്തോടൊപ്പമാണ് സജീവ് മക്കയിലേക്ക് പോയത്. സഊദിയിലുള്ള ചില ബന്ധുക്കളാണ് സജീവ് മരിച്ച വിവരം കഴിഞ്ഞ ദിവസം നാട്ടില്‍ അറിയിച്ചത്. മയ്യിത്ത് മിനായില്‍ ഖബറടക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഷാമിലാ ബീവിയാണ് സുല്‍ഫിക്കര്‍ നഈമിയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് സഹല്‍, ഹന്ന. സജീവിന്റെ ഭാര്യ ഷീബ, മക്കള്‍: സജ്‌ന, സല്‍മാന്‍. സലീന മാതാവാണ്. വ്യാഴാഴ്ച രാവിലെ സഊദി സമയം ഒമ്പതിന് (ഇന്ത്യന്‍ സമയം 12.30ന്) ഹാജിമാരുടെ താമസ സ്ഥലത്തുനിന്നുള്ള സുഖുല്‍ അറബ് റോഡിനും കിംഗ് ഫഹദ് റോഡിനും ഇടയിലുള്ള 204-ാം നമ്പര്‍ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മിനായിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് സുരക്ഷാ നടപടിക്രമങ്ങള്‍ പുനരവലോകനം ചെയ്യാന്‍ സഊദി രാജാവ് സല്‍മാന്‍ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 111 പേര്‍ മരിക്കുകയും നാനൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.