അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്തെ വീട് വില നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് കുതിക്കുന്നു. വിലനിയന്ത്രണത്തിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതികളെല്ലാം താളം തെറ്റിയതോടെയാണ് ഇപ്പോൾ നിയന്ത്രണങ്ങളില്ലാതെ വില കുതിക്കുന്നത്. സർക്കാരിന്റെ ഹൗസിങ് പ്ലാൻ കാര്യക്ഷമമാകാത്തിടത്തോളം രാജ്യത്തെ ഭവനവില ഉയരുക തന്നെ ചെയ്യുമെന്ന് വിദഗ്ദ്ധർ. തലസ്ഥാന നഗരമായ ഡബ്ലിൻ, കോർക്ക്, ഗോൾവേ എന്നിവിടങ്ങളിൽ ഓരോ വർഷവും ശരാശരി 7% വീതം ഭവന വിലാ നിരക്ക് വർദ്ധിക്കുമെന്നും ഇവർ വിലയിരുത്തുന്നു. ഈ നഗരങ്ങൾക്കു പുറത്ത് 3.5% വീതം വർഷാവർഷം വില വർദ്ധിക്കും.
വരും വർഷങ്ങളിൽ ആയിരക്കണക്കിന് വീട്ടുമകൾ തങ്ങളുടെ വീടുകൾ വിലയ്ക്ക് വിറ്റ് പണമാക്കാൻ സാധ്യതയുണ്ട്.എങ്കിലും 2021ഓടെ 25,000 വീടുകൾ നിർമ്മിക്കാനുള്ള സർക്കാർ പദ്ധതി വിജയിച്ചാൽപ്പോലും ഭവനപ്രതിസന്ധിക്ക് പരിഹാരമാകില്ല എന്നാണ് വിലയിരുത്തൽ.
വർഷം തോറും 35,000 വീടുകൾ നിർമ്മിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി ഭാവിയിലും ആവർത്തിക്കാതിരിക്കാൻ കഴിയൂവെന്ന് പ്രോപ്പർട്ടി വിദഗ്ദ്ധനായ ഫിലിപ് ഫാരൽ പറയുന്നു. ഈ വർഷം 14,000 വീടുകൾ മാത്രമേ സർക്കാർ പദ്ധതിയിൽ പണി പൂർത്തിയാകുകയുള്ളൂ.
ഈയിടെ നടത്തിയ ഒരു സർവേ പ്രകാരം ഡബ്ലിനിൽ ഒരു 3 ബെഡ്‌റൂം വീട് നിർമ്മിക്കാനുള്ള ചെലവ് 330,000നു മുകളിലാണ്. എന്നാൽ ഇത്തരം വീടുകൾക്ക് ലഭിക്കുന്ന ശരാശരി വിലഇത്രയും വരില്ലത്രേ.ഇതും മറ്റൊരു പ്രതിസന്ധിയാണ്.