അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്ത കുട്ടികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 67 ശതമാനത്തിന്റെ വർധനവുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ സമയത്തെ കണക്കുകളുമായി ബന്ധിപ്പിച്ചു പരിശോധിക്കുമ്പോഴാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ അധികൃതർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ഡിപ്പാർട്ടമെന്റ് ഓഫ് എൻവയറോൺമെന്റിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം 2206 കുട്ടികൾ വീടില്ലാത്തവരായി രാജ്യത്തുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 1318 ആയിരുന്നു വീടില്ലാത്ത കുട്ടികളുടെ എണ്ണം. ഇത്തവണ ഇത് പരിധിയിൽ കവിഞ്ഞു വർധിച്ചത് ആശങ്കാ ജനകമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രായപൂർത്തിയായവരിൽ വീടില്ലാത്തവരുടെ എണ്ണം 27 ശതമാനം കണ്ട് വർധിച്ചിട്ടുമുണ്ട്.
കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം 4152 മുതിർന്ന പൗരൻമാരാണ് വീടില്ലാത്തവരായി രാജ്യത്തുള്ളത്. എന്നാൽ, കഴിഞ്ഞ വർഷം ജൂണിൽ 3258 പേരാണ് വീടില്ലാത്തവരായി രാജ്യത്തുണ്ടായിരുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഹൗസിങ് ആൻഡ് ഹോംലെസ് പ്ലാൻ എന്ന രീതിയിൽ റീബിൽഡിങ് അയർലൻഡ് എന്ന പേരിൽ പദ്ധതിയും അയർലൻഡിൽ തയ്യാറാക്കിയിട്ടുണ്ട്.