സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിലെ ആശുപത്രികളിൽ ചികിത്സകാത്ത് കഴിയുന്ന രോഗികളുടെ എണ്ണം റെക്കോർഡി. നിലവിൽ 530,000 രോഗികളാണ് ഇൻപേഷ്യൻ്, ഒട്ട്‌പേഷ്യന്റ്, ഡേ കെയർ എന്നിങ്ങനെ ചികിത്സ ലഭിക്കാനായി സർക്കാർ ആശുപത്രികളുടെ വെയ്റ്റിങ് ലിസ്റ്റിൽ ഉള്ളത്. ഈ പ്രശ്‌നം പരിഹരിക്കാനായി വർഷത്തിൽ 50 മില്ല്യൺ യൂറോ മുടക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും അതും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ടിന്റെ (എൻ.ടി.പി.എഫ്) കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം 430,000 രോഗികളാണ് ഒട്ട് പേഷ്യന്റ് വിഭാഗത്തിൽ പരിശോധനയ്ക്കായി കാത്തു നിൽക്കുന്നത്. എക്കാലത്തെയും വലിയ വർദ്ധനവാണ് ഇത്. ഓരോ മാസവും രോഗികളുടെ എണ്ണം കൂടിവരികയുമാണ്. ഇതിൽ 70,000ഓളം രോഗികൾ കഴിഞ്ഞ ഒരു വർഷമായി വെയ്റ്റിങ് ലിസ്റ്റിലാണ്. 39,000ഓളം പേർ 15 മാസമായി വെയ്റ്റിങ് ലിസ്റ്റിലുണ്ട്. 15 മാസമാണ് പരമാവധി കാത്തിരിപ്പു സമയമായി സർക്കാർ കണക്കാക്കിയിരിക്കുന്നത്.
ഈ സ്ഥിതി തുടരുകയാണെങ്കിൽ പലർക്കും ജീവൻ നഷ്ടപ്പെടാൻ വരെ സാധ്യതയുണ്ടെന്ന് ഫിയനാഫാൾ വക്താവ് ബില്ലി കെല്ലഹർ വ്യക്തമാക്കി. ഗോൾവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 32,000 പേരും, കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 25,000 പേരും, ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലിൽ 27,000 പേരും വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്നാണ് കണക്ക്.