അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: ആദ്യമായി വീടു വാങ്ങുന്നവർക്ക് ഗ്രാന്റ് നൽകാൻ സർക്കാർ തീരുമാനമുണ്ടാവുമെങ്കിലും ഭവനവില ഉയരുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്ത് ഭവനവില 7.6% വർദ്ധിച്ചു എന്നാണ് ഡാഫ്റ്റ് നടത്തിയ സർവേയിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം 2016 അവസാനത്തോടെ ഭവനവില നിലവിലുള്ളതിന്റെ 5% വർദ്ധിക്കുമെന്ന് മൈ ഹോം എന്ന ഭവന മേഖലയിലെ പ്രമുഖ ഏജൻസിയും വ്യക്തമാക്കുന്നു.
വീട് വാങ്ങുന്നവർക്ക് ഗ്രാന്റ് നൽകാനുള്ള തീരുമാനം വില വർദ്ധനവിനു കാരണമാകുകയാണ് ചെയ്യുക എന്ന് ട്രിനിറ്റി കോളജ് എക്കണോമിക്‌സ് ലെക്ചററും, ലേഖകനുമായ റോണൻ ലയോൺസ് പറയുന്നു.ടാക്‌സ് റീ ഫണ്ടും ഗ്രാന്റുമൊക്കെ വിപണിയിലേക്ക് ആവശ്യക്കാരുടെ എണ്ണം ഇരട്ടിപ്പിക്കും.തള്ളിക്കയറുന്ന ഡിമാന്ഡിന് അനുസരിച്ച് വീടുകൾ സപ്ലെ ചെയ്യാൻ ഡബ്ലിൻ പോലെ ആവശ്യക്കാർ ഏറെയുള്ള സ്ഥലങ്ങളിൽ ഉണ്ടാവില്ല. വില വീണ്ടും ഇരച്ചു കയറുകയും വീണ്ടുമൊരു പ്രതിസന്ധി രൂപപ്പെടുകയും ചെയ്യുമെന്നതിൽ സംശയമില്ല.
ഭവനവില വർദ്ധിക്കുന്നതിന് തടയിടാൻ ഗ്രാന്റ് നൽകുകയല്ല, കൂടുതൽ വീടുകൾ നിർമ്മിക്കുകയാണ് വേണ്ടതെന്ന് ഈയിടെ നടത്തിയ ഒരു സർവേയിൽ 48% പേരും അഭിപ്രായപ്പെടുന്നു. മറ്റൊരു സർവേയിൽ വാടക വീടുകൾ ലഭ്യമാക്കുന്നത് ഭവനപ്രതിസന്ധിക്ക് അവസാനമുണ്ടാക്കിലെന്ന് 88% പേരും പ്രതികരിച്ചു.