സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഹൗസിങ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ മേജർ ഹൗസിങ് ഡെവലപ്‌മെന്റുകൾക്കു അനുമതി നൽകാൻ സർക്കാർ നീക്കം. ഇതിനു കൗൺസിൽ അനുവാദം നൽകിക്കഴിഞ്ഞു. നിലവിലുള്ള ഹൗസിങ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതർ പ്രസ്താവിച്ചിരിക്കുന്നത്.
പുതുതായി 150 ഹൗസിങ് യൂണിറ്റോ ഇതിലും അധികമോ നിർമിക്കുന്നതിനു ക്യാബിനറ്റിന്റെ അനുമതി ഉറപ്പാക്കാനാണ് ഇപ്പോൾ സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്യാബിനറ്റിനു മുന്നിർ നിർദിഷ്ട പദ്ധതി സമർപ്പിക്കുന്നതിനും ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഹൗസിങ് പ്രതിസന്ധി പരിഹരിക്കുന്നതിനു പ്രത്യേകം പദ്ധതി തയ്യാറാക്കാനുമാണ് ആലോചനകൾ. ഇതിനായി പ്രത്യേകം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നു ഹൗസിങ് മന്ത്രി സിമ്മോൺ കൺവേ അഭിപ്രായപ്പെട്ടു.
ഹൗസിങ് പ്രതിസന്ധി പരിഹരിക്കാൻ മേജർ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുമായാണ് ഇപ്പോൾ സർക്കാർ ഒരുങ്ങുന്നത്. ഇത്തരത്തിൽ പുതുതായി ആവിഷ്‌കരിക്കുന്ന പ്രോജക്ടുകൾ വൻകിട പ്രോജക്ടുകളായി മാറി സാധാരണക്കാർക്കു അപ്രാപ്യമാകാതിരിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും സർക്കാരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.