
സ്വന്തം ലേഖകൻ
ഡബ്ലിൻ:രാജ്യത്തെ ഭവനപ്രതിസന്ധിക്ക് തടയിടുന്നതിനായി സർക്കാർ ഭവനപദ്ധതി പ്രഖ്യാപിച്ചു. വീടില്ലാത്ത അവസ്ഥ പരിഹരിക്കുക, സോഷ്യൽ ഹൗസിങ് ദ്രുതഗതിയിലാക്കുക, പുതിയവീടുകൾ നിർമ്മിക്കുക, വാടകവീടുകൾ കൂടുതൽ കാര്യക്ഷമമാക്കുക, ലഭ്യമായ വീടുകൾ കാര്യക്ഷമമാക്കുക എന്നിങ്ങനെ അഞ്ചു കാര്യങ്ങളിലൂന്നിയാണ് 84 പോയിന്റുകളുള്ള ഭവനനയം പ്രധാനമന്ത്രി എൻഡ കെന്നിഇന്നലെ പ്രഖ്യാപിച്ചത്.
ഭവനപ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 5.35 ബില്ല്യൺ യൂറോ വകയിരുത്തിയിട്ടുള്ള പദ്ധതി പ്രകാരം ആറു വർഷത്തിനിടെ 47,000 സോഷ്യൽ ഹൗസുകൾ നിർമ്മിക്കും. 2020ഓടെ 25,000 പുതിയ വീടുകളും നിർമ്മിക്കും.
വീട് ലഭിക്കാത്തതിനാൽ ആളുകൾ ഹോട്ടലുകളിലും മറ്റും താമസിക്കുന്ന സ്ഥിതിക്ക് ഈ വർഷമവസാനത്തോടെ പരിഹാരമാകുമെന്ന് ഭവനമന്ത്രി സിമോൺ കൊവേനി വ്യക്തമാക്കി. അതേസമയം പദ്ധതി പ്രാവർത്തികമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഷിൻ ഫെൻ പ്രതിനിധി ഓയിൻ ഒബ്രോയിൻ പറഞ്ഞു. പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള തുക കുറഞ്ഞുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.