സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ വാങ്ങി വീടില്ലാത്തവർക്കു നൽകാനുള്ള പ്രത്യേക പദ്ധതിയുമായി ഹൗസിങ് ഏജൻസികൾ. ബാങ്കുകളിൽ നിന്നും ഇൻവെസ്റ്റ്‌മെന്റ് കമ്പനികളിൽ നിന്നും ലോക്കൽ അതോറിറ്റികളിൽ നിന്നും ഒഴിഞ്ഞു കിടക്കുന്നതോ, കുടിശിക വരുത്തിയയതിനു പിടിച്ചെടുത്തതോ ആയ വീടുകൾ വിലകൊടുത്തു വാങ്ങിയ ശേഷം ഇവ വീടില്ലാത്തവർക്കു നൽകുന്നതിനാണ് ഇപ്പോൾ ആലോചിക്കുന്നത്.
അടുത്ത നാലു വർഷത്തിനിടെ ഇത്തരത്തിലുള്ള 1600 വീടുകൾ വാങ്ങുന്നതിനാണ് ഹൗസിങ് ഏജൻസി പദ്ധതി തയ്യാറാക്കിയിരികിക്കുന്നത്. പ്രതിവർഷം 400 വീടുകൾ ഈ രീതിയിൽ വാങ്ങാൻ സാധിക്കുമെന്നും ഹൗസിങ് ഏജൻസി അധികൃതർ കണക്കു കൂട്ടുന്നുണ്ട്. പ്രാദേശിക അതോറിറ്റികളുമായി ചർച്ച ചെയ്ത് കൂടുതൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിനാണ് ഇപ്പോൾ ഹോംലെസ് ഏജൻസി പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഈ പദ്ധതി നടപ്പാക്കുന്നതിനായി 70 മില്ല്യൺ യൂറോയാണ് മാറ്റി വച്ചിരിക്കുന്നത്. ബാങ്കുകളുടെ വായ്പയിൽ കുടിശിക വരുത്തിയ ആളുകളെ കണ്ടെത്തി, ഇവരിൽ നിന്നു വീടുകൾ തിരികെ പിടിക്കുകയാണ് ചെയ്യുന്നത്. ഇതിനായി റിസീവർമാരെയും ബാങ്കുകൾ നിയമിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.