സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലൻഡിലെ ആരോഗ്യ മേഖലയിൽ അടിമുടി മാറ്റം വരുത്താൻ നടപടികളുമായി സർക്കാർ രംഗത്ത്. ആരോഗ്യരംഗം നിയന്ത്രിക്കുന്ന ദി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവിന്റെ (എച്ച്.എസ്.ഇ) പേര് മാറ്റാൻ സർക്കാർ ഒരുങ്ങുന്നു. പകരം പുതുതായി ഒരു ഹെൽത്ത് കമ്മീഷനെ നിയമിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇനി മുതൽ ഹോസ്പിറ്റലുകളെ നിയന്ത്രിക്കുക നിയമപ്രകാരം അംഗീകാരം നൽകിയിട്ടുള്ള ട്രസ്റ്റുകളാകും. സ്റ്റാഫ് റിക്രൂട്ട്‌മെന്റ്, ഹോസ്പിറ്റൽ ഉപകരണങ്ങൾ എന്നിവയെല്ലാം ട്രസ്റ്റിനു കീഴിൽ വരും. വെയ്റ്റിങ് ടൈമിനു വേണ്ടിയുള്ള ആന്വൽ പെർഫോർമൻസ് ടാർഗറ്റ്‌സ്, ഔട്ട് പേഷ്യന്റ് വിഭാഗം, തീവ്രപരിചരണ വിഭാഗം തുടങ്ങിയവയെയെല്ലാം പുതിയ കമ്മിഷനുമായി ബന്ധിപ്പിക്കും.
പരിശോധനയ്ക്കായി രോഗികൾ ഏറെക്കാലം കാത്തിരിക്കുന്ന അവസ്ഥയിൽ മാറ്റം വരുത്തുന്നതിനായി 50 മില്ല്യൺ യൂറോയുടെ പ്രത്യേക ഫണ്ട് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഫിനഗേലും ഫിയനാഫാളും ചർച്ചയിൽ അംഗീകരിച്ച നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ടായ 15 മില്ല്യൺ യൂറോ ഇതിലുൾപ്പെടുമെന്നാണ് കരുതുന്നത്.
ഇതോടൊപ്പം ആരോഗ്യ സംവിധാനം മുഴുവനായി ഡിജിറ്റലൈസ് ചെയ്യാനുള്ള ഇ ഹെൽത്ത് പദ്ധതിക്ക് ദി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് അനുമതി നൽകി. 900 മില്ല്യൺ യൂറോയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഓരോ രോഗിയുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 2019 പകുതിയോടെ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി ആദ്യം നാഷണൽ ചിൽഡ്രൺസ് ഹോസ്പിറ്റലിലെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യും.
പുതിയ നയം രൂപപ്പെടുന്നതോടെ രോഗിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും കമ്പ്യൂട്ടറിൽ തന്നെ രേഖപെടുത്തേണ്ടി വരും.നഴ്‌സുമാരടക്കം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ കമ്പ്യൂട്ടർ/ ഡിജിറ്റൽ പ്രവർത്തന പരിചയം വർദ്ധിപ്പിക്കാനുള്ള പദ്ധതിയും ഇതിൽ പെടുന്നു.ഇതോടെ നഴ്‌സുമാരുടെ ജോലി ഭാരം കുറയും എന്നാണ് കരുതപ്പെടുന്നത്.എങ്കിലും പേപ്പർ ഫയലുകളിൽ വരുത്താൻ കഴിയുന്ന വിധത്തിലുള്ള തിരുത്തലുകൾ വരുത്താൻ ഡിജിറ്റൽ രേഖകൾക്ക് കഴിയില്ലെന്നതിനാൽ അത് കൃത്യമായും സമയ ബന്ധിതമായും ജോലി ചെയ്യാത്തവർക്ക് ഇത് പ്രശ്‌നങ്ങൾക്കും ഇട വരുത്തിയേക്കാം. സ്വകാര്യ കമ്പനികളെയാണ് പദ്ധതി നടത്തിപ്പിനായി ഏൽപ്പിക്കുക. ഇതിന് പ്രാപ്തരായ കമ്പനികളെ കണ്ടെത്താനായി ഈ വർഷം അവസാനത്തോടെ ശ്രമം തുടങ്ങും. എച്ച്.എസ്.ഇയുടെ അനുമതി ലഭിച്ചതോടെ പദ്ധതി ഇനി ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും അനുമതിക്കായി സമർപ്പിക്കും. പദ്ധതിക്കായുള്ള ഫണ്ട് എങ്ങനെ കണ്ടെത്തും എന്ന കാര്യത്തിൽ അന്തിമ രൂപമായിട്ടില്ല.