മനില: വിശുദ്ധ കുർബാനയ്ക്കിടയിൽ കൈയ്യടി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച്കൊണ്ട് ഫിലിപ്പീൻസിലെ ലിംഗായൻ- ഡകുപ്പൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായ സോക്രട്ടിസ് വില്ലേഗാസ്, നോമ്പുകാലത്തിനു മുന്നോടിയായുള്ള ഇടയ സന്ദേശം അതിരൂപതയിലെ ഇടവക ദേവാലയങ്ങൾക്ക് നൽകി. വിശുദ്ധ കുർബാനയെന്നത് ആനന്ദകരമായ ഒരു വിരുന്നും, കാൽവരിയുടെ ഓർമ്മയുമാണെന്നും കൈയ്യടിക്കുന്നത്, ക്രൈസ്തവ ആരാധനക്രമത്തിന്റെയും ആരാധനയുടെയും, അർത്ഥതലങ്ങൾക്ക് പ്രാധാന്യം നൽകാത്തതിനു തുല്യമാണെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു.
ക്രിസ്തുവിൻറെ ബലി നടക്കുന്ന സമയത്ത് കാൽവരിയിൽ സന്നിഹിതനായിരുന്നെങ്കിൽ നമ്മൾ അവിടെവച്ച് കൈയടിക്കുമായിരുന്നോ എന്ന പ്രസക്തമായ ചോദ്യമാണ് ബിഷപ്പ് ഉന്നയിക്കുന്നത്. പരിശുദ്ധ കന്യകാമറിയവും, ക്രിസ്തുവിനെ പ്രിയപ്പെട്ട ശിഷ്യനായ യോഹന്നാനും, കൈയടിക്കുമായിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. വിശുദ്ധ കുർബാന എന്നത് ക്രിസ്തു കടന്നുപോയ വേദനനിറഞ്ഞ നിമിഷങ്ങളുടെ പുനരാവിഷ്കരണമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വിശദീകരിച്ചു.
കൈയടിയിലൂടെ വിശ്വാസി സമൂഹത്തിന്റെ ശ്രദ്ധ നേടാതെ, പ്രചോദനം നൽകുന്ന ഒരു ദിവ്യബലി സന്ദേശത്തിലൂടെ, ജനങ്ങളുടെ ശ്രദ്ധ നേടണമെന്നും സോക്രട്ടിസ് വില്ലേഗാസ് പറഞ്ഞു. അഭിനന്ദന സന്ദേശം നൽകേണ്ടി വന്നാൽ, ദേവാലയത്തിന് സംഭാവന നൽകിയ ആളുടെ പേര് പോലുള്ളവ ഒഴിവാക്കണമെന്നും ആർച്ച് ബിഷപ്പ് നിർദ്ദേശിച്ചു. അങ്ങനെയുള്ളവ ചെയ്യേണ്ടത് വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ്. നോമ്പുകാലത്ത് മാത്രമല്ല, അതിനു ശേഷമുള്ള ദിവസങ്ങളിലും വിശുദ്ധ കുർബാന മധ്യേ കൈയടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും സോക്രട്ടിസ് വില്ലേഗാസിന്റെ സന്ദേശത്തിലുണ്ട്.