
സ്വന്തം ലേഖകൻ
ഡബ്ലിൻ:ഇൻക്രിമെന്റുകൾ പുനഃസ്ഥാപിക്കുന്നതോടെ അടുത്ത വർഷം രാജ്യത്തെ 7,500ഓളം നഴ്‌സുമാർക്ക് കുറഞ്ഞത് 1,000 യൂറോയുടെ ശമ്പള വർദ്ധനവ് ഉണ്ടാകും. 2017 ജനുവരി 1 മുതൽ ഇൻക്രിമെന്റുകൾ പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി സിമോൺ ഹാരിസ് വ്യാഴാഴ്ച വ്യക്തമാക്കി. 2011നും 2015നും ഇടയിൽ യോഗ്യത നേടിയ നഴ്‌സുമാരുടെ 36 ആഴ്ച്ചയിലെ സ്റ്റുഡന്റ് പ്ലേസ്‌മെന്റ് ഇൻക്രിമെന്റാണ് പുനഃസ്ഥാപിക്കുക. തീരുമാനത്തെ നഴ്‌സുമാരും യൂണിയനുകളും സ്വാഗതം ചെയ്തു.
നഴ്‌സുമാർ അനുഭവിക്കുന്ന പ്രശ്‌നം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. ഇൻക്രിമെന്റ് പുനഃസ്ഥാപിക്കാനുള്ള തീരുമാനം, രാജ്യം വിട്ടു പോയ നഴ്‌സമാരെ തിരികെ അയർലണ്ടിലെത്തി ജോലി ചെയ്യാൻ പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനുള്ള ആദ്യ പടിയാണ് ഈ തീരുമാനം.
2011നും 2015നും ഇടയിൽ യോഗ്യത നേടിയ നഴ്‌സുമാർക്ക് മറ്റ് നഴ്‌സുമാരുടെ തുല്യ ശമ്പളം ലഭിക്കണമെന്നത് ഏറെക്കാലായി ഉയരുന്ന ആവശ്യമാണ്.
അയർലണ്ടിൽ ആകെ രജിസ്റ്റർ ചെയ്തിരിക്കുന്ന 60664 നഴ്‌സുമാരാണ് ഉള്ളത്.ഇവരിൽ 80 ശതമാനം പേരും ഇപ്പോൾ ജോലി ചെയ്യുന്നവരാണ്.ഇവരിൽ ഏറ്റവും കൂടുതൽ പേർ ഐറിഷുകാർ തന്നെ(50891).
രണ്ടാം സ്ഥാനത്ത് ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാരാണ്.4384 ഇന്ത്യൻ നഴ്‌സുമാരാണ് അയർലണ്ടിൽ ഉള്ളത്.എന്നാൽ ഐറിഷ് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരെ ഇക്കൂട്ടത്തിൽ ചേർത്തിട്ടില്ല.അവരുടെ എണ്ണവും രണ്ടായിരത്തിൽ അധികം വന്നേക്കുമെന്നു നഴ്‌സിംഗ് ബോർഡ് അധികൃതർ കരുതുന്നു,
മൂന്നാം സ്ഥാനത്ത് 3775 പേരുൾപ്പെടുന്ന ഫിലിപ്പിനോ നഴ്‌സാസാണ്.തൊട്ടടുത്താണ് 2710 പേരടങ്ങുന്ന ബ്രിട്ടീഷ് നഴ്‌സുമാർ.2009 മുതലുള്ള ശമ്പള കട്ടിംഗ് ഇവർക്കെല്ലാം ബാധകമായിരുന്നെങ്കിലും കഴിഞ്ഞ വർഷം മുതൽ സർക്കാർ അത് ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നുണ്ട്.ഇപ്പോഴത്തെ ബജറ്റിൽ നിയോഗിച്ചിരിക്കുന്ന ശമ്പള കമ്മീഷൻ റിപ്പോർട്ട് അടുത്ത ജൂലൈയോടെ പുറത്തു വരുമ്പോൾ എല്ലാ മേഖലയിലും ഉള്ള നഴ്‌സുമാർ അടക്കമുള്ളവർ ഗണ്യമായ വർധനവാണ് പ്രതീക്ഷിക്കുന്നത്.