ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശിനി ദീപ ദിനമണിക്ക് അനുശോചനം അര്‍പ്പിച്ച് ഇന്ത്യന്‍ സമൂഹം. പുഷ്പങ്ങളും മെഴുകുതിരി നാളവുമായി നൂറു കണക്കിന് ആളുകളാണ് കാര്‍ഡിനാള്‍ കോര്‍ട്ടിലെ ഗ്രീന്‍ ഏരിയായില്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ഒത്തു കൂടിയത്.
ദീപയുടെ ഫോട്ടോയ്ക്ക് മുന്നില്‍ കോര്‍ക്ക് പ്രവാസി മലയാളി, വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക്, കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സസ്, ഫേസ് അയര്‍ലന്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ എത്തിയവരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. യൗവന ജീവിതത്തിലുണ്ടായ ദീപ ദിനമണിയുടെ ദാരുണമായ വേര്‍പാടില്‍ ഇന്ത്യന്‍ സമൂഹം അതീവ ദുഃഖം രേഖപ്പെടുത്തി. തങ്ങളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ദീപയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ അനുഭവിക്കുന്ന വേദനയും ദുഃഖവും പൂര്‍ണ്ണമായും ലഘൂകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്നതായി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സംയുക്തമായി പറഞ്ഞു.
തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ പിന്തുണയും സഹായവും നല്‍കുവാന്‍ കോര്‍ക്കിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് സംഘടനകളുടെ പ്രതിനിധികള്‍ അറിയിച്ചു. ദീപയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പാലക്കാട് സ്വദേശിനിയായ ദീപ ദിനമണി (38) കൊല്ലപ്പെട്ടത്. കോര്‍ക്ക് സിറ്റിയില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ മാത്രം അകലെയുള്ള കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീടിനുള്ളിലാണ് ദീപയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ടോഗര്‍ ഗാര്‍ഡ അറസ്റ്റ് ചെയ്ത ദീപയുടെ ഭര്‍ത്താവ് റെജിന്‍ രാജന്‍ (41) റിമാന്‍ഡില്‍ തുടരുകയാണ്. ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകന്‍ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. മകന്റെ സംരക്ഷണം സോഷ്യല്‍ വെല്‍ഫെയര്‍ സംഘം ഏറ്റെടുത്തു.