കുവൈറ്റ്:കുവൈറ്റിലെ പ്രവാസികള്‍ ആശങ്കയില്‍ നിയമം ലംഘിച്ചു കഴിയുന്നവരെ പിടികൂടി നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. താമസനിയമലംഘകര്‍ക്ക് പൊതുമാപ്പ് അനുവദിക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. സിറിയക്കാരെ മാത്രമാണ് നാടുകടത്തലില്‍ നിന്നും ഒഴിവാക്കുകയെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രലയം അറിയിച്ചു.
കുവൈറ്റിലുളള സിറിയന്‍ പൗരന്മാരെ വിസയില്ലെങ്കിലും രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്ന വാര്‍ത്തക്ക് വിശദീകരണമായി ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ മേധാവി ആദില്‍ അല്‍ ഹഷാഹ് ആണ് രംഗത്തെത്തിയത്. സിറിയക്കാരെ തല്‍ക്കാലം നാടുകടത്തലില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത് അവിടുത്തെ സാഹചര്യം പരിഗണിച്ചാണ്. ഇഖാമ നിയമ ലംഘനത്തിനുള്ള പിഴ ഈടാക്കിയ ശേഷം മാത്രമാണ് ഇവര്‍ക്ക് താല്‍ക്കാലിക ഇഖാമ അനുവദിക്കുക. പൊതുമാപ്പ് നല്‍കാനോ ദീര്‍ഘകാല ഇഖാമ അനുവദിക്കാനോ ആഭ്യന്തര മന്ത്രാലയത്തിനു പദ്ധതിയില്ലെന്നും ആദില്‍ അല്‍ ഹഷാഷ് പറഞ്ഞു.
ഇഖാമ നിയമം ലംഘിച്ചു കഴിയുന്നവരെ പിടികൂടി നാടുകടത്തുക എന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. രേഖകള്‍ ശരിയാക്കാന്‍ ഇളവുകാലമോ പൊതുമാപ്പോ, പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തതാനെന്നും ഹഷാഷ് വ്യക്തമാക്കി. നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യവ്യാപകമായി പരിശോധനകള്‍ തുടരുന്നുണ്ടെന്നും നിത്യവും നിരവധിയാളുകള്‍ പിടിയിലാകുന്നതായും ഹഷാഷ് പറഞ്ഞു. വിസ കാലാവധി കഴിഞ്ഞ സിറിയക്കാരെ താമസ നിയമ ലംഘന കുറ്റത്തില്‍ നിന്ന് ഒഴിവാക്കാമെന്നും അവര്‍ക്ക് ദീര്‍ഘകാല ഇഖാമ അനുവദിക്കാമെന്നും കുവൈത്ത് ഐക്യ രാഷ്ട്ര സഭയെ അറിയിച്ചതായി വക്താവ് മുഹമ്മദ് അബു അസാക്കറെ വ്യക്തമാക്കി.