സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിൽ പുതിയതായി വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സഹായം നൽകുന്ന പദ്ധതികൾ പുതിയ സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്നതായി സൂചനകൾ. ജനങ്ങളെ ദുരിതത്തിലാക്കുന്ന മോർട്ട്‌ഗേജ് നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യവുമായി പ്രമുഖ രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. ഷിൻ ഫെന്നും ഫിന്നാഫെയിലുമാണ്് ഇപ്പോഴത്തെ ഉയർന്ന മോർട്ട്ഗജ് നിരക്ക് കുറയ്ക്കാനായി ഡോളിൽ ബിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഈ മാസം തന്നെ ബിൽ സഭയ്ക്കു മുന്നിലെത്തിക്കാനാണ് ശ്രമം. ബിൽ നിയമമാകുകയാണെങ്കിൽ മോർട്ട്‌ഗേജ് നിരക്ക് കുറയ്ക്കാനുള്ള അവകാശം സെൻട്രൽ ബാങ്കിനു വന്നുചേരും.
ബില്ലിനെ ഫൈൻഗായേലിന്റെ നേതൃത്വത്തിലുള്ള മൈനോറിറ്റി സർക്കാർ പിന്തുണയ്ക്കുമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും, ഫൈൻഗായേലും ഫിന്നാഫെയിലും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ഇത്തരം ബില്ലുകൾ സഭയിൽ കൊണ്ടുവരാൻ ഫിന്നാഫെയിലിനു അധികാരം നൽകിയിട്ടുണ്ട്. വരും ദിവസം തന്നെ ബിൽ സഭയ്ക്കു മുന്നിൽ ചർച്ചയ്ക്കു വയ്ക്കാനാണ് തന്റെ ശ്രമമെന്ന് ഷിൻ ഫെൻ വക്താവ് പിയേഴ്‌സ് ഡോഹർട്ടി പറഞ്ഞു. യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾക്കനുസരിച്ച് ബാങ്കുകൾ മോർട്ട്‌ഗേജ് നിരക്കുകൾ നിജപ്പെടുത്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ ബിൽ കൊണ്ടുവരാൻ തങ്ങൾ നിർബന്ധിതരായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിന്നാഫെയിൽ വക്താവ് മൈക്കൽ മക്ഗ്രാത്തും അടുത്ത രണ്ടാഴ്ച്ചയ്ക്കകം ബിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് പ്രതികരിച്ചു. ഇപ്പോഴത്തെ നിരക്ക് നീതീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തങ്ങൾ മോർട്ട്‌ഗേജ് നിരക്കുകൾ കുറയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് അയർലണ്ടിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ എ.ഐ.ബി, കെ.ബി.സി ബാങ്ക് അയർലണ്ട് എന്നിവ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പുതിയ ഉപഭോക്താക്കൾക്കും നിലവിലുള്ള ഉപഭോക്താക്കൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും ഇവർ പറയുന്നു.
ജൂലൈ ഒന്ന് മുതൽ മോർട്ട്‌ഗേജ് നിരക്ക് 3.1% ആക്കി കുറയ്ക്കാനാണ് എ.ഐ.ബിയുടെ തീരുമാനം. ഇത് 76,000ഓളം വരുന്ന ഉപഭോക്താക്കൾക്ക് സഹായകമാകും. എ.ഐ.ബിയിലേയ്ക്ക് ഹോം ലോണുകൾ മാറ്റുന്നവർക്കായി പ്രൊഫഷണൽ ഫീസിൽ 2,000 യൂറോ ഇളവു നൽകാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
കെ.ബി.സിയുടെ മോർട്ട്‌ഗേജ് നിരക്ക് 3.1 മുതൽ 3.2% വരെയാക്കി കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 2.99% എന്ന ഫിക്‌സഡ് റേറ്റും അധികൃതർ വാഗ്ദാനം ചെയ്യുന്നു. മെയ് 23 മുതൽ ഈ റേറ്റുകൾ നിലവിൽ വരും. അയർലണ്ടിലെ മറ്റ് ബാങ്കുകളൊന്നും തന്നെ മോർട്ട്‌ഗേജ് നിരക്കിൽ കുറവു വകുത്താൻ തയ്യാറായിട്ടില്ല.