സ്വന്തം ലേഖകൻ
ഡബ്ലിൻ:ആപ്പിൾ കമ്പനി അയർലണ്ടിന് 13 ബില്ല്യൺ യൂറോ ടാക്‌സ് ഇനത്തിൽ നൽകണമെന്ന യൂറോപ്യൻ കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് ഐറിഷ് മന്ത്രിസഭയിൽ ഭിന്നത രൂക്ഷമാകുന്നു.ഫിനഗേൽ പാർട്ടിയിലും പ്രശ്‌നത്തെ ചൊല്ലി അഭിപ്രായ ഭിന്നത ഉണ്ടായത് പ്രധാനമന്ത്രി ഏൻഡ കെന്നിയെ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലാക്കി.അയർലണ്ടിൽ നിന്നുള്ള യൂറോപ്യൻ കമ്മീഷണർ ഫിനഗേലിലെ ഫിൽ ഹോഗൻ യൂറോപ്യൻ നിലപാടുകൾക്ക് വിധേയമായി വേണം അയർലണ്ട് പ്രവർത്തിക്കേണ്ടതെന്ന നിലപാട് സ്വീകരിച്ചതോടെ അയർലണ്ടിലെ രാഷ്ട്രീയ നേതൃത്വം അങ്കലാപ്പിലാണ്. 13 ബില്യൺ യൂറോ സ്വീകരിക്കേണ്ടതില്ല എന്ന് ധനമന്ത്രി മൈക്കൽ നൂനാനും, സ്വീകരിക്കണമെന്ന് സ്വതന്ത്ര മന്ത്രിമാരും നിലപാടെടുത്തു. പ്രശ്‌നത്തിൽ മന്ത്രിസഭ ഇന്നു വീണ്ടും യോഗം ചേരും.
ആപ്പിളുമായി അയർലണ്ടിനുള്ള ടാക്‌സ് കരാറിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് മൈക്കൽ നൂനാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം മന്ത്രിസഭയിൽ അപ്പീൽ കൊണ്ടുവരികയും ചെയ്തു. എന്നാൽ സ്വതന്ത്ര മന്ത്രിമാരായ ഷെയ്ൻ റോസ്, ഫിനിയൻ മക്ഗ്രാത്ത് എന്നിവരും, ശിശുക്ഷേമ വകുപ്പ് മന്ത്രി കാതറിൻ സപ്പോനെയും അപ്പീലിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ചു. മറ്റ് സ്വതന്ത്ര ടിഡിമാരുമായി കൂടിയാലോചിച്ച ശേഷമേ പ്രശ്‌നത്തിൽ തീരുമാനമെടുക്കുവെന്ന് റോസും മക്ഗ്രാത്തും വ്യക്തമാക്കി.</p>
<p>ഇതിനിടെ 2014ൽ തങ്ങൾ 0.005% തുക മാത്രമാണ് ടാക്‌സ് ഇനത്തിൽ അയർലണ്ടിന് നൽകിയത് എന്ന ആപ്പിൾ കമ്പനി ചീഫ് എക്‌സിക്യുട്ടിവ് ടിം കുക്കിന്റെ വാദം നിഷേധിച്ച് യൂറോപ്യൻ യൂണിയൻ കോംപറ്റിഷൻ കമ്മിഷണർ മാർഗരറ്റ് വെസ്റ്റേഗർ രംഗത്ത്. 13 ബില്ല്യൺ യൂറോ ആപ്പിൾ അയർലണ്ടിന് ടാക്‌സായി നൽകണം എന്ന കമ്മിഷന്റെ തീരുമാനം രാഷ്ട്രീയപരമായതാണ് എന്ന ടിം കുക്കിന്റെ വാദവും വെസ്റ്റേഗർ തള്ളി. വസ്തുതകളിലൂന്നിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അവർ ബ്രസ്സൽസിൽ വ്യക്തമാക്കി.
ആപ്പിളും അയർലണ്ടും തമ്മിലുള്ള ടാക്‌സ് നിയമം യഥാർത്ഥത്തിൽ യൂറോപ്യൻ യൂണിയൻ നിബന്ധനകൾക്ക് വിരുദ്ധമാണ് എന്ന കാര്യം ഐറിഷ് അധികൃതർക്ക് അറിയമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 1991ലെ ടാക്‌സ് നിയമത്തെപ്പറ്റി എന്താണ് ഐറിഷ് അധികൃതർ കരുതിയിരിക്കുന്നതെന്ന് തങ്ങൾക്കറിയില്ലെന്ന് വെസ്റ്റേഗർ പ്രതികരിച്ചു.
ഇ യൂ നിലപാടിനെ ധിക്കരിച്ചാൽ അയർലണ്ടിനെതിരെ നീക്കത്തിന് സാധ്യതകൾ ഉണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ആപ്പിളിനെ പിണക്കാതെ നിർദിഷ്ട ടാക്‌സ് കുടിശിഖ പിരിച്ചെടുക്കാനുള്ള തന്ത്രപ്പാടിലാണ് ഐറിഷ് നേതൃത്വം.