ഹെൽത്ത് ഡെസ്‌ക്
ഡബ്ലിൻ: ആരോഗ്യ രംഗത്ത് പുതിയ കുതിപ്പിനു തുടക്കമിട്ട് രാജ്യത്ത് പുതിയ കുട്ടികളുടെ ആശുപത്രി സജ്ജമാകുന്നു. ഡബ്ലിനിലെ സെന്റ് ജെയ്ിംസ് ആശുപത്രിക്കു സമീപമാണ് പുതിയ കുട്ടികളുടെ ആശുപത്രി ഒരുങ്ങുന്നത്. ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റൽ പരിസരത്ത് പുതിയ ചിൽഡ്രൺസ് ഹോസ്പിറ്റൽ ആരംഭിക്കുമെന്ന് ഇന്നലെ അധികൃതർ പ്രഖ്യാപിച്ചു. വരുന്ന സമ്മറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാനാണ് ഉദ്ദേശ്യം. 2019ൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 650 മില്ല്യൺ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഹോസ്പിറ്റൽ എവിടെ സ്ഥാപിക്കണമെന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിൽക്കുന്ന തർക്കം മറികടന്നാണ് ഇപ്പോഴത്തെ തീരുമാനത്തിലേയ്ക്ക് അധികൃതർ എത്തിച്ചേർന്നിരിക്കുന്നത്. ഈ തീരുമാനം നിരാശാജനകവും ദുഃഖകരവുമാണെന്നാണ് ജാക്ക് ആൻഡ് ജിൽ ചിൽഡ്രൺസ് ഫൗണ്ടേഷൻ സ്ഥാപകനായ ജൊനാഥൻ ഇർവിൻ പ്രതികരിച്ചത്. സെന്റ് ജെയിംസ് ഹോസ്പിറ്റലിനു സമീപമല്ല, കോണോളിയിലാണ് ചിൽഡ്രൺസ് ഹോസ്പിറ്റൽ സ്ഥാപിക്കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾക്ക് അതാകും സൗകര്യപ്രദമെന്നും അദ്ദേഹം പറയുന്നു.
സെന്റ് ജെയിംസിൽ ഹോസ്പിറ്റൽ സ്ഥാപിക്കാനുള്ള തീരുമാനം തെറ്റാണെന്ന് കോണോളി ഫോർ കിഡ്‌സ് ഹോസ്പിറ്റൽ ലോബി ഗ്രൂപ്പും പ്രതികരിച്ചു. തീരുമാനം മാറ്റാനായി സർക്കാരിനെ സമീപിക്കുമെന്നും വക്താക്കൾ പറഞ്ഞു.