അയർലൻഡിൽ പ്രവർത്തിക്കുന്നത് ആയിരത്തിലേറെ വിദേശ കമ്പനികൾ: കമ്പനികളുടെ നേട്ടം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കു ഗുണം ചെയ്യുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും പിന്നോക്കം പോയ വിദേശ നിക്ഷേപം രാജ്യത്ത് ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്ത് ആയിരത്തിലേറെ വേദേശ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് കോടികളാണ് നേരിട്ടും അല്ലാതെയുമുള്ള നിക്ഷേപവും സമ്പത്തും ഇനത്തിൽ ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അയർലണ്ടിലെ വിദേശ കമ്പനികളിൽ നികുതിപ്പണം രാജ്യത്തിനു നൽകുന്നതിൽ അമേരിക്കൻ ബഹുരാജ്യ കമ്പനികളുടെ സ്വാധീനം ഏറെ വലുതെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഏകദേശം 1,000 അമേരിക്കൻ കമ്പനികൾ അയർലണ്ടിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ഇവയിലെല്ലാം കൂടി 100,000 പേർ ജോലി ചെയ്യുന്നുണ്ട് എന്നുമാണ് കണക്ക്. ഈ ജോലിക്കാർക്കെല്ലാമായി ശമ്പളം നൽകാനായി കമ്പനികൾ ഒരു വർഷം ചെലവിടുന്നത് 6 ബില്ല്യൺ യൂറോയാണ്. കമ്പനികളിൽ നിന്നും ടാക്‌സ് ഇനത്തിൽ വർഷം 2 ബില്ല്യൺ യൂറോ രാജ്യത്തിന് ലഭിക്കുന്നുമുണ്ട്.
ഇതിനെല്ലാം പുറമെ കൃത്യമായി കണക്കുകൂട്ടാൻ കഴിയാത്ത വാറ്റ്, കാറ്ററിങ്, ക്ലീനിങ് തുടങ്ങിയവയിലൂടെയും കമ്പനികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറെ മുതൽക്കൂട്ടാകുന്നുണ്ട്. അയർലണ്ടിൽ കോർപ്പറേഷൻ ടാക്‌സ് കുറവാണ് എന്നതാണ് കമ്പനികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത് എന്ന് വാദമുണ്ട്. പക്ഷേ 2015ൽ കോർപ്പറേഷൻ ടാക്‌സ് ഇനത്തിൽ 6.7 ബില്ല്യൺ യൂറോയുടെ വർദ്ധനയുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോർപ്പറേഷൻ ടാക്‌സിന്റെ 80%വും തരുന്നത് വിദേശ കമ്പനികളുമാണ്.
അതേസമയം അമേരിക്കൻ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നത് വൻ ലാഭത്തിലാണെന്നതും സത്യമാണ്. ആപ്പിൾ കമ്പനി മാത്രം 60 ബില്ല്യൺ ഡോളറാണ് വർഷത്തിൽ ലാഭമുണ്ടാക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളെ അയർലണ്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഐറിഷ് സർക്കാർ ഇപ്പോൾ കൂടുതൽ പിന്തുണ നല്കി വരുന്നുണ്ട്.യൂറോപ്പിൽ വിപണന സാധ്യതകളുള്ള പ്രോഡക്റ്റുകളെ പ്രാദേശികമായി നിർമ്മിക്കുന്നതിനോപ്പം ടാക്‌സ് ഇനത്തിൽ ലാഭം കൊയ്യാം എന്നതും ഇത്തരം പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top