ഡബ്ലിൻ: സർക്കാരിന്റെ വാക്‌സിനേഷൻ നയം വിവേചന പരമാണ് എന്ന് ആരോപിച്ച് ഗാൽവേയിലെ റസ്റ്ററന്റ് അധികൃതർ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോടതിയെ സമീപിക്കുന്നതിനും, സാധാരണക്കാരോടുള്ള വിവേചനത്തിന് എതിരായ പോരാട്ടത്തിന്റെയും ഭാഗമായി ഇറ്റാലിയൻ റസ്റ്ററന്റായ വിൽക്കോൽ 70000 യൂറോ തങ്ങളുടെ ഓൺലൈൻ ക്യാമ്പെയിന്റെ ഭാഗമായി സമാഹരിച്ചു കഴിഞ്ഞു. ഇത് വലിയ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ലഭിക്കുന്ന സൂചന.
രാജ്യത്തെ റസ്റ്ററന്റുകളിലും ഹോട്ടലുകളിലും കയറുന്നവർക്ക് രണ്ടു വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ, അടുത്തിടെ കൊവിഡ് വന്ന് രോഗം ഭേദമായവരാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ കൈവശം ഉണ്ടായിരിക്കണമെന്ന നിയമത്തിന് എതിരായാണ് ഇറ്റാലിയൻ റസ്റ്ററന്റ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നിലവിൽ ഇത്തരത്തിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന കൊവിഡ് പരിഷ്‌കരണങ്ങൾ അശാസ്ത്രീയമാണ് എന്നാണ് റസ്റ്ററന്റ് അധികൃതരുടെ വാദം. ഇത് ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിക്കുമെന്നും റസ്റ്ററന്റ് വാദിക്കുന്നുണ്ട്.
ഈ സർട്ടിഫിക്കറ്റ് നൽകുന്നത് യൂറോപ്യൻ യൂണിയനിലെ ഹോട്ടലുകളിലും പബ്ലുകളിലും റസ്റ്ററന്റുകളിലും അടക്കം പ്രവേശിക്കുന്നതിനുള്ള അനുവാദം കൂടിയാണ്. എന്നാൽ, ഇത്തരത്തിൽ അനുവാദം നൽകുമ്പോൾ ഏതെങ്കിലും സാഹചര്യത്തിൽ കൊവിഡ് വാക്‌സിനെടുക്കാനാവാതെ പോയവരെപ്പറ്റി ചിന്തിക്കുന്നതേയില്ലെന്നാണ് റസ്റ്ററന്റ് അധികൃതർ കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇവർ നിയമ പോരാട്ടത്തിനായി തയ്യാറെടുക്കുന്നത്.
നേരത്തെ സർക്കാരിന്റെയും യൂറോപ്യൻ യൂണിയന്റെയും കൊവിഡ് തെറ്റായ നിലപാടുകൾക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ പേരിൽ എസ്.എസ്.ഇ.യുടെ നേതൃത്വത്തിൽ തങ്ങളുട് റസ്റ്ററന്റുകളിൽ നിരന്തരം പരിശോധന നടന്നിരുന്നതായും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാൻ റസ്റ്ററന്റ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.