അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു വീണ്ടും തിരിച്ചടിയായി അയർലൻഡിലെ വസ്തു നിരക്കുകൾ വീണ്ടും വർധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ വില വർധിക്കുന്നത് രാജ്യത്തെ സാധാരണക്കാരെയാണ് ഏറെ ബാധിക്കുന്നത്. ഒരു വീട് സ്വ്പ്‌നം കണ്ട് സ്വരൂക്കൂട്ടി വെച്ചതൊന്നും ഇവർക്കു പുതിയ വീടുയാഥാർഥ്യമാക്കാൻ മതിയാവില്ലെന്ന അവസ്ഥയമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
അയർലണ്ടിൽ ഭവന വില 6.7% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സി.എസ്.ഒ)ആണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടത്.. ജൂലൈ വരെയുള്ള ഒരു വർഷത്തിനിടെയാണ് ഈ വർദ്ധനവ്.ഭവനവില വർദ്ധിക്കാനുള്ള സാധ്യതകൾ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന വിദഗ്ദാഭിപ്രായവും വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
എന്നാൽ 2007 ഏപ്രിലിലെ വിലയെക്കാൾ 34.7% കുറവാണ് ഇപ്പോഴും വിലനിലവാരം എന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്. ആവശ്യക്കാർക്ക് അനുസൃതമായി വീടുകൾ ലഭ്യമല്ലാത്തതും,പുതിയ കുടിയേറ്റങ്ങളുമാണ് ഭവനവില താഴാതെ നിൽക്കാൻ കാരണമാവുന്നത്.
വില വർദ്ധനവ് കാരണം 2014 15 കാലഘട്ടത്തിനുള്ളിൽ പുതിയ വീടുകൾ വാങ്ങേണ്ട എന്നു തീരുമാനിച്ചവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായും സി.എസ്.ഒ റിപ്പോർട്ട് പറയുന്നു.2010ൽ ആകെ വിൽപ്പനയുടെ 53.1% പേരും ആദ്യമായി വീടു വാങ്ങിയവരായിരുന്നു. എന്നാൽ 2015ലേയ്‌ക്കെത്തുമ്പോൾ വെറും 24.4% പേർ മാത്രമാണ് ആദ്യമായി വീടു വാങ്ങുന്നത്.
ഡബ്ലിൻ 6ലാണ് വീടുകൾക്ക് ഏറ്റവുമധികം വില നൽകേണ്ടിവരുന്നത്. ശരാശരി 733,006 യൂറോയാണ് ഇവിടെ വില. ഡബ്ലിൻ 4ൽ 724,535 യൂറോയും ഒരു വീടിന് ശരാശരി വില നൽകണം. ഡബ്ലിനു പുറമെ വിക്ക്‌ലോയിലെ ഗ്രേസ്റ്റോൺസിലാണ് ഭവനവില ഏറ്റവുമധികം; 404,717 യൂറോ. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീടു ലഭിക്കുന്നതാകട്ടെ റോസ്‌കോമണിലെ കാസ്റ്റ്‌ലെറിയയിലും; 72,350 യൂറോ.