സ്വന്തം ലേഖകൻ
ഡബ്ലിൻ :പി ആർ എസ് എ യിലോ ഒക്കുപേഷണൽ പെൻഷൻ സ്‌കീമിലോ അഡീഷണൽ വോളണ്ടറി കോൺട്രിബൂഷൻ അടയ്ക്കുന്നവർക്ക് പെൻഷൻ ഫണ്ടിൽ നിന്നും പണം പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 27 വരെ മാത്രം.2013 ൽ മൂന്നു വർഷത്തേയ്ക്ക് പ്രഖ്യാപിച്ച ഈ സ്‌കീം 2016 മാർച്ച് 27 നു ശേഷം തുടരാനുള്ള സാധ്യതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.ഈസ്റ്റർ അവധിയ്ക്കായി മാർച്ച് 25 മുതൽ ഓഫിസ് അടയ്ക്കുമെന്നതിനാൽ ഫലത്തിൽ 24 വരെയേ പെൻഷൻ പിൻവലിക്കാനുള്ള അപേക്ഷകൾ നൽകാനാവുകയുള്ളൂ. നിശ്ചിതമായ പെൻഷൻ അടവിനോടൊപ്പം അഡീഷണൽ വോളണ്ടറി കോൺട്രിബൂഷൻ(എവി സി)അടച്ച നൂറുകണക്കിന് പേർ ഇതിനകം ആകെയുള്ള പെൻഷൻ ഫണ്ടിൽ നിന്നും സർക്കാർ അനുവദിച്ച 30% പിൻവലിച്ചു കഴിഞ്ഞു. എവി സി യുടെ കാഷ് ബാക്ക് സ്‌കീം കൂടുതൽ പേരും മോർട്ട്‌ഗേജ് വായ്പാതുകയക്കുള്ള അഡ്വാൻസ് അടയ്ക്കുന്നതിനായും മറ്റുമായാണ് പ്രയോജനപ്പെടുത്തിയത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.മാസം തോറും 100 യൂറോ അടയ്ക്കുന്ന ഒരാൾക്ക് 40 യൂറോയിലധികം ടാക്‌സ് ക്രഡിറ്റ് ലഭിക്കുന്നതിനാൽ ഫലത്തിൽ 60 യൂറോയോളമേ അടവ് വരുന്നുള്ളൂ.മാത്രമല്ല 10 വർഷകാലാവധിയിൽ(12,000 യൂറോ അപ്പോഴേയ്ക്കുംഅടച്ചിരിക്കും/ ടാക്‌സ് ക്രഡിറ്റ് കുറയ്ക്കുകയാണെങ്കിൽ യഥാർഥത്തിൽ 7,200 യൂറോയെ അടച്ചിട്ടുള്ളൂ! ) ഈ തുകയുടെ ഫണ്ട് വാല്യൂ(ആനുപാതിക വളർച്ചാനിരക്ക് അനുസരിച്ച്) ഏതാണ്ട് 20,000 യൂറോയായി വർദ്ധിക്കുകയും ചെയ്യും. ഈ ഫേസ് വാല്യൂവിന്റെ 30 ശതമാനമാണ് ഇപ്പോൾ പിൻവലിക്കാൻ അവസരമുള്ളത്.മേൽ ഉദാഹരണ പ്രകാരം 10 വർഷം എവിസി അടച്ച ഒരാൾക്ക് ഏതാണ്ട് 6000 യൂറോ പെൻഷൻ ഫണ്ടിൽ നിന്നും പിൻവലിയ്ക്കാം.പക്ഷെ തുക പിൻവലിക്കുന്നയാളുടെ വ്യക്തിഗതടാക്‌സ് നിരക്ക്(ഇതിൽ നിന്നും കുറവ് ചെയ്യും) ഇതിൽ നിന്നും അടയ്‌ക്കേണ്ടി വരും. ഇത്തരമൊരു സ്‌കീമിന് സർക്കാർ ആദ്യ ഘട്ടത്തിൽ കാര്യമായ പരസ്യം കൊടുക്കാത്തതിനാൽ എവിസി പെൻഷൻ റീ ഫണ്ട് വാങ്ങിയവരുടെ എണ്ണം താരതമ്യേനെ കുറവാണെന്ന് പറയപ്പെടുന്നു. പെൻഷൻ ഫണ്ടിൽ നിന്നും പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 24 ന് മുമ്പായി ബന്ധപ്പട്ട ലൈഫ് ഇൻഷുറൻസ് ഓഫിസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഇപ്പോഴുള്ള സ്‌കീം പിൻവലിച്ചു കഴിഞ്ഞാൽ എവി സിയിൽ നിന്നും പണം പിൻവലിക്കാൻ 65 വയസു വരെ നിങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നേക്കാം.