സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിൽ 65 വയസ്സു കഴിഞ്ഞാലും വിരമിക്കാതെ ജോലിയിൽ തുടരാമെന്ന് സർക്കാരിന്റെ പുതിയ നിർദ്ദേശം. 2021ഓടെ പെൻഷൻ പ്രായം 67ഉം, 2028ഓടെ 68ഉം ആയി ഉയർത്താനാണ് സർക്കാർ നീക്കം നടക്കുന്നത്.
ജനങ്ങളുടെ ആരോഗ്യത്തിനും സമ്പത്തിനും ഒരുപോലെ മെച്ചമാണ് പെൻഷൻ പ്രായം ഉയർത്തുക വഴി ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പുതിയ നയം സർക്കാരിനും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതാണ്. പെൻഷൻ നൽകേണ്ട എന്നതു മാത്രമല്ല, അവരുടെ ശമ്പളത്തിന്റെ ഒരു പങ്ക് ഇൻകം ടാക്‌സ് ഇനത്തിൽ സർക്കാർ ഖജനാവിലേയ്ക്ക് എത്തപ്പെടുകയും ചെയ്യും.
അതേസമയം പെൻഷൻ ഇനത്തിൽ ഈ വർഷം 7 ബില്ല്യൺ യൂറോയാണ് സർക്കാരിന് ചെലവിടേണ്ടി വരിക. 2026ലാകട്ടെ 8.7 ബില്ല്യൺ യൂറോയും.
സർക്കാരിന്റെ ഏകീകൃത പെൻഷൻ പദ്ധതിക്കെതിരെ തൊഴിൽദാതാക്കളുടെ സംഘടനയായ ഐബക് (IBEC)രംഗത്തെത്തി കഴിഞ്ഞു.നിലവിൽ 65 വയസ്സാണ് ഒരു തൊഴിലാളിയുടെ പെൻഷൻ പ്രായം.ചില മേഖലകളിൽ അറുപത്തിയാറും . 65 വയസ്സിനു സേഷവും ജോലി ചെയ്യാം എന്ന പുതിയ നിർദ്ദേശത്തെയാണ് ഐബക് എതിർക്കുന്നത്.
പുതിയ നിർദ്ദേശം എല്ലാവർക്കും ഒരുപോലെ ഗുണകരമാകില്ലെന്ന് ഐബക് തലവൻ ഡോണി ഡോൺഹോ വ്യക്തമാക്കി. പെൻഷൻ എന്നത് ഓരോ ജോലിയെയും സംബന്ധിച്ച് വ്യത്യസ്തമാണ്. എല്ലാ ജോലിക്കാർക്കും അത് ഒരു പോലെയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.