അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: റിയോ ഒളിംപിക്‌സിൽ ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണങ്ങളിൽ അയർലൻഡ് ഒളിംപിക് കമ്മിറ്റി മുൻ പ്രസിഡന്റ് പാറ്റ് ഹിക്കിങ്‌സ് അടക്കമുള്ളവരെ പ്രതി ചേർത്ത് റിയോയിലെ പബ്ലിക്ക് പ്രോസിക്യുട്ടർ കുറ്റപത്രം സമർപ്പിച്ചു. ഒളിംപിക് ഗെയിംസ് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോൾ പാറ്റ് ഹിക്കിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. പാറ്റ് ഹിക്കിയ്‌ക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ റിയോ ഡി ജെനീറോയിലെ സംഘം അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും സമർപ്പിച്ചിരിക്കുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്.
ടിക്കറ്റ് വിൽപന വിവാദമാകുകയും ഹിക്കി അറസ്റ്റിലാകുകയും ചെയ്തതോടെ ഇദ്ദേഹത്തെ അയർലൻഡ് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തു നിന്നും അധികൃതർ നീക്കം ചെയ്തിരുന്നു. സപ്പോർട്ടേഴ്‌സ് ആൻഡ് ലാർജ് ഇവന്റ്‌സ് സ്‌പെഷ്യൽ കോടതിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ മാർക്കസ് കാക്ക് കുറ്റപത്രം സമർപ്പിച്ചത്.
ഹിക്കിയ്‌ക്കെതിരായ കുറ്റപത്രത്തിലെ ചാർജുകൾ അംഗീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് കേസ് പരിഗണിക്കുന്ന ജഡ്ജിയായ കെവിൻ മല്ലോണാണെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ഒരു ഐറിഷ് എക്‌സിക്യുട്ടീവിനൊപ്പം ടിഎച്ച്ജി ആശുപത്രി കോർപ്പറേറ്റ് ഗ്രൂപ്പും, എട്ട് മറ്റു വ്യക്തികളും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.