സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ സമയക്രമം ഒരു മണിക്കൂർ മുന്നോട്ടാക്കി. യൂറോപ്പിലെ സമയക്രമം മുന്നോട്ടാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സമയക്രമത്തിൽ ക്രമീകരണം വരുത്തിയിരിക്കുന്നത്.
യൂറോപ്പിൽ സമ്മർ സമയമാറ്റം മാർച്ച് 29 ന് (ഞായറാഴ്ച) പുലർച്ചെയാണ് ആരംഭിക്കുന്നത്.ക്ലോക്കിൽ ഒരു മണിക്കൂർ മുന്നോട്ട് മാറ്റിവെച്ചാണ് സമ്മർ സമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും.മാർച്ചു മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലർച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്. ജർമനിയിലെ ബ്രൗൺഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ സ്ഥാപിച്ചിട്ടുള്ള ടവറിൽ നിന്നും സിഗ്‌നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികൾ പ്രവർത്തിക്കുന്നു. 1980 മുതലാണ് ജർമനിയിൽ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഇപ്പോൾ സമയ മാറ്റം പ്രാവർത്തികമാണ്. അതുവഴി മധ്യയൂറോപ്യൻ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാൻ സഹായകമാകും. പകലിന് നീളക്കൂടുതൽ എന്നതാണ് ഇതിന്റെ അടിസ്ഥാനം. (വൈകി ഇരുളാകുന്നതും നേരത്തെ വെളുക്കുന്നതും. ഇപ്പോൾ മാറുന്ന സമയക്രമം ഒക്‌ടോബർ മാസം അവസാനം വരുന്ന ഞായറാഴ്ച പുലർച്ചെ ഒരു മണിക്കൂർ പിറകോട്ടു മാറ്റിയാണ് വിന്റർ ടൈം ക്രമപ്പെടുത്തുന്നത്.സമ്മർടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ ജോലി കുറച്ചു ചെയ്താൽ മതി.പക്ഷെ വിന്റർ ടൈം മാറുന്ന ദിനത്തിൽ രാത്രി ജോലിക്കാർക്ക് ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്യുകയും വേണം.ഇത് അധിക സമയമായി കണക്കാക്കി വേതനത്തിൽ വകയിരുത്തും. സമയ ക്രമീകരണം മാറുന്നതിനാൽ ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെടുമല്ലോ എന്ന ആശങ്കയിലാണ് ചില മടിയൻമാർ. എന്നാൽ സമയക്രം മാറുന്നത് കൊണ്ട് ചില ഗുണങ്ങളുമുണ്ടെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. അതിനാൽ അല്പ്പം ഉറക്കം നഷ്ടപ്പെട്ടാലും ആരോഗ്യം സംരക്ഷിക്കാൻ പുതിയ സമയക്രമം പ്രയോജനപ്പെടുത്തുക. സമയക്രമം മാറുന്നത് കൊണ്ട് ഉണ്ടാകുന്ന അഞ്ചു ഗുണങ്ങൾ ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത് ചുവടെ കൊടുക്കുന്നു. എല്ലാ ദിവസവും രാവിലെ ഉണരുകയും സമയം ക്രമീകരിക്കുകയും ചെയ്യുന്ന നിങ്ങൾ ആഴ്ചാവസാനം ഒരു മണിക്കൂർ കൂടുതൽ ഉറങ്ങിക്കൊള്ളൂ. അടുത്ത പ്രവർത്തി ദിനത്തെ സന്തോഷഭരിതമാക്കാൻ ഇത് നിങ്ങൾക്ക് ഗുണകരമാകും. ഇക്കാര്യത്തിലുടെ അഞ്ചു തരം ഗുണഗണങ്ങൾ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. വൈകുന്നേരങ്ങളിൽ കൂടുതൽ വ്യായാമം ചെയ്യാനും അതിലൂടെ കൂടുതൽ ആരോഗ്യവും ഉന്മേഷവും കൈവരിക്കാൻ സാധിക്കും. രണ്ടാമത്തെ ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വൈദ്യുതി ലാഭിക്കാൻ കഴിയും എന്നതാണ്. സമയക്രമം മാറുന്നതോടെ പകൽ സമയം കൂടുന്നു. കൂടുതൽ സമയം പ്രകൃതിയിൽ നിന്ന് തന്നെ പകൽ വെളിച്ചം ലഭിക്കുന്നതിനാൽ വൈദ്യുതി ലൈറ്റുകൾ അധികം ഉപയോഗിക്കേണ്ടി വരില്ല. അതിലൂടെ വൈദ്യുതി ലാഭിക്കാം.
സമയം മാറുന്നതോടെ ട്രാഫിക്ക് കുരുക്കിൽ നഷ്ടപ്പെടുന്ന സമയം ഒരു പരിധി വരെ കുറയുമെന്നതാണ് മറ്റൊരു നേട്ടമായി ഉയർത്തിക്കാട്ടപ്പെടുന്നത്. പകൽ സമയം വർദ്ധിക്കുന്നതോടെ ആളുകൾ കൂടുതൽ ഊർജ്ജ്വസ്വലരും രോഗമുക്തരുമാമാകുമെന്നും ആരോഗ്യവിദഗ്ദർ പറയുന്നു. ലൈംഗികോന്മേഷം വർദ്ധിക്കുകയും വിഷാദരോഗങ്ങൾ കുറയുകയും ചെയ്യുമെന്നതാണ് മറ്റൊരു കാര്യമെന്നാണ് വിദഗ്ദർ പറയുന്നു. ഇന്ന് ഉറങ്ങാൻ പോകും മുമ്പേ നിങ്ങളുടെ ക്ലോക്കിൽ സമയം ഒരു മണിക്കൂർ മുമ്പോട്ടാക്കാൻ മറക്കേണ്ട. സ്മാർട്ട് ഫോണുകളിൽ തനിയെ സമയം തനിയെ മാറിക്കൊള്ളും.