സ്വന്തം ലേഖകൻ
ഡബ്ലിൻ: വാഹനാപകടങ്ങൾ വർധിച്ചു വരുന്നതിന്റെ പ്രധാന കാരണം മോശമായ ടയറുകളാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാ്ക്കാൻ സർക്കാർ നടപടികൾ തുടങ്ങി. വാഹനങ്ങളിൽ പഴയ ടയർ ഉപയോഗിക്കുകയോ, കേടു വന്ന ടയർ മാറ്റാതിരിക്കുകയോ ചെയ്താൽ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.ഉപയോഗിച്ച ടയറുകൾ നന്നാക്കി ഉപയോഗിക്കുന്ന രീതി അപകടകരമാണ് എന്ന പഠനമാണ് പുതിയ നടപടിയിലേയ്ക്ക് നീങ്ങാൻ സര്കാരിനെ പ്രേരിപ്പിക്കുന്നത്. രാജ്യത്ത് നടക്കുന്ന ആക്‌സിഡന്റുകളിൽ പ്രധാന വില്ലനാകുന്നത് ഇത്തരം കേടായ ടയറുകളാണ് എന്ന ഞെട്ടിക്കുന്ന കാര്യം മനസ്സിലാക്കിയതോടെയാണ് പിഴ ഈടാക്കാൻ തീരുമാനിച്ചതെന്ന് ഗതാഗതവകുപ്പു മന്ത്രി പാസ്‌കൽ ഡോൺഹോ പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ പിഴ സംവിധാനം പ്രാബല്യത്തിൽ വരും.
പഴകിയ ടയറുകൾ കാരണമുണ്ടാകുന്ന ആക്‌സിഡന്റുകളിൽ ഒരു വർഷം ശരാശരി 14 പേർക്ക് ജീവൻ നഷ്ടമാകുന്നുണ്ട് എന്നാണ് ഗാർഡ നടത്തിയ അന്വേഷണത്തിൽ ബോധ്യമായത്. ഇതിനെപ്പറ്റി റോഡ് സേഫ്റ്റി അതോറിറ്റി നിലവിൽ ക്യാംപെയിനുകൾ നടത്തി വരികയാണ്. വാഹന ഉടമകൾ ടയറുകൾ ഉപയോഗക്ഷമമാണോ എന്ന് നിരന്തരം പരിശോധിക്കണമെന്നു നിർദ്ദേശിച്ച മന്ത്രി ഡോൺഹോ, എത്ര യൂറോയായിരിക്കും പിഴ ചുമത്തുക എന്ന കാര്യം പറഞ്ഞില്ല.