സ്വന്തം ലേഖകൻ
ഡബ്ലിൻ:അടുത്ത വർഷം മുതൽ അയർലണ്ടിലെ ശമ്പളനിരക്കിൽ 25% വർദ്ധവുണ്ടാക്കാൻ ശമ്പളകമ്മീഷൻ ശുപാർശ ചെയ്യാൻ സാധ്യതയുണ്ടെന്ന് തൊഴിലാളി യൂണിയനുകൾ.രാജ്യത്തെ 124,000 ജോലിക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.ഇപ്പോഴത്തെ നിരക്ക് ജീവിക്കാൻ പര്യാപ്തമല്ല എന്ന് വിവിധ തൊഴിലാളി യൂണിയനുകൾ സർക്കാരിനോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് സർക്കാർ രൂപീകരിച്ച കമ്മീഷൻ ഇതു സംബന്ധിച്ച റിപ്പോർട്ട് ജൂലൈയിൽ സമർപ്പിക്കാനിരിക്കുകയാണ്. ഈ റിപ്പോർട്ടിലാകും 25% ശമ്പളവർദ്ധന എന്ന പ്രസ്താവമുണ്ടാകുകയെന്നാണ് തൊഴിലാളി യൂണിയനുകൾ പ്രതീക്ഷിക്കുന്നത്.
ശമ്പള കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയാണെങ്കിൽ രാജ്യത്ത് ഒരു മണിക്കൂറിലെ കുറഞ്ഞ വേതനം 2017 അവസാനത്തോടെ 9.15 യൂറോയിൽ നിന്നും 11.50 യൂറോയായി ഉയരും. റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ ശമ്പളവർദ്ധനയുടെ കാര്യം ഈ വർഷം ഒക്ടോബറിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഉൾപ്പെടുത്തും.
ഭരണകക്ഷിയ്ക്ക് പിന്തുണ നൽകുന്ന ഫിയാനാഫാൾ ശബള പരിഷ്‌കരണത്തെ പിന്തുണയ്ക്കുന്നുണ്ട്.മാറിയ സാമ്പത്തിക സ്ഥിതിയിൽ ലേബർ പാർട്ടിയാണ് ലിവിംഗ് വേജ്,മിനിമം കൂലിയാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.ശമ്പളകമ്മിഷൻ ഇതേ നിഗമനത്തിലാണ് ഉള്ളതെന്നാണ് യൂണിയനുകൾ മനസിലാക്കുന്നത്. യൂറോപ്പിൽ മണിക്കൂറിന് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കാര്യത്തിൽ അയർലണ്ടിന് രണ്ടാം സ്ഥാനമാണുള്ളത്. ലക്‌സംബർഗാണ് ഒന്നാം സ്ഥാനത്ത്.