അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ഫിന്നാഫെയിലും ഫൈൻ ഗായേലും തമ്മിലുള്ള തർക്കവും പാർട്ടിക്കുള്ളിൽ നിന്നുയർന്ന പ്രതിഷേധവും അവസാനിച്ചതോടെ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു ശേഷം സർക്കാർ രൂപീകരണം അന്തിമഘട്ടത്തിലേയ്ക്കു കടക്കുന്നു. ഫിന്നാഫെയിൽ സ്വതന്ത്ര ടി.ഡിമാരുടെ കടുത്ത വിമർശനത്തെത്തുടർന്ന് ഫൈൻഗായേൽ നേതാവും ആരോഗ്യവകുപ്പ് മന്ത്രിയുമായ ലിയോ വരേദ്കർ നിലപാട് മാറ്റിയതോടെയാണ് തർക്കങ്ങൾ രമ്യതയിൽ അവസാനിച്ചത്. ഫിന്നാഫെയിലുമായി കൂട്ടുചേരുന്നതിനെപ്പറ്റിയും വാട്ടർ ചാർജ്ജ് നിർത്തലാക്കാനുള്ള തീരുമാനത്തെയും വരേദ്കർ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിനെതിരെ രംഗത്തു വന്ന മറ്റ് നേതാക്കൾ വരേദ്കർക്ക് സർക്കാർ രൂപീകരിക്കാൻ താൽപര്യമില്ല എന്നുവരെ പറഞ്ഞിരുന്നു. ഇതിനു മറുപടിയായി ഫൈൻഗായേലിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നതിനെ വരേദ്കർ പൂർണ്ണമായും പിന്തുണയ്ക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. എങ്കിലും ഫൈൻഗായേൽ നേതാവാകാനും അതുവഴി പ്രധാനമന്ത്രിസ്ഥാനത്ത് എത്താനുമുള്ള ലിയോ വരെദ്കറുടെ മോഹങ്ങൾക്ക് ഇരുപാർട്ടികളും തമ്മിൽ ഇപ്പോഴുണ്ടാക്കിയ കൂട്ടുകെട്ട് തടയിട്ടു.വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് പോവുകയാണെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ കെന്നിയെ മാറ്റി നിർത്തി നേതൃത്വം കൈയ്യടക്കാനുള്ള പരിശ്രമം ലിയോ തുടരുന്നതിനിടെയാണ് സഖ്യമുന്നേറ്റം ഉണ്ടായത്.ലിയോയുടെ മുഖ്യ എതിരാളിയായ സൈമൺ കൊവ്‌നെയുടെ നേതൃത്വത്തിൽ എന്ട കെന്നിയ്ക്ക് പിന്തുണയുമായി ഫൈൻഗായേൽ ടി ഡി മാർ അണിനിരന്നപ്പോൾ ലിയോയുടെ പ്രതിശ്ചായാക്കു തന്നെ കോട്ടം വീണു എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.ഇന്ന് സ്വതന്ത്രൻമാരുമായി നടക്കുന്ന ചർച്ച വിജയിച്ചാൽ വ്യാഴാഴ്ച കെന്നിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്ന സൂചനകളാണ് ഇപ്പോഴുള്ളത്.
സ്വതന്ത്ര ടി ഡി മാരാവട്ടെ കിട്ടിയ അവസരം വിനിയോഗിച്ച് പുതിയ ആവശ്യങ്ങൾ ഓരോ ദിവസവും ഉയർത്തുകയാണ്.വാട്ടർഫോർഡ് ഹോസ്പിറ്റലിൽ കാർഡിയാക്ക് കെയർ സൗകര്യങ്ങൾ വര്ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട സ്വതന്ത്ര ടി ഡി ടി.ഡി ജോൺ ഹാല്ലിഗന് ഇത് സംബന്ധിച്ച ഉറപ്പ് കിട്ടിയില്ലെങ്കിൽ സര്ക്കാരിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.ഇത്തരം ആവശ്യക്കാർക്ക് പ്രത്യേക വാഗ്ദാനങ്ങളൊന്നും നൽകില്ലെന്നും വരേദ്കറുടെ വക്താവ് അറിയിച്ചതും ഏകപക്ഷീയമായി ആയിരുന്നു.വരെദ്കറുടെ ഇടപെടലുകൾ അനാവശ്യമാണെന്നാണ് മറ്റുള്ളവരുടെ പൊതു വിലയിരുത്തൽ