സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് എന്നു കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ പുറത്തു വന്ന കണക്കുകൾ പരിശോധിക്കുമ്പോഴാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിലെ വൻ വർദ്ധനവ് പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം ഈ സമയം വരെ രാജ്യത്ത് മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിയിലായവരുടെ എണ്ണത്തിന്റെ 106 ശതമാനം വർദ്ധനവാണ് ഈ വർഷത്തെ ആദ്യ ആറു മാസം കൊണ്ടു മാത്രം ഉണ്ടായിരിക്കുന്നത്. 2020 ന്റെ ആദ്യ ആറു മാസത്തിനിടെ ഗാർഡാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ ഇതുവരെ വരെ രാജ്യത്ത് 1216 കേസുകളാണ് മദ്യലഹരിയിൽ വാഹനം ഓടിച്ചതിനു രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഈ കാലയളവിൽ 591 കേസുകളും അറസ്റ്റും മാത്രമാണ് ഗാർഡാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നടത്തേണ്ടി വന്നിരുന്നത്. ആഗസ്റ്റിലെ ബാങ്ക് ഹോളീഡേ ആഴ്ചയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരായ ബോധവത്കരണ ക്യാമ്പെയിനിംങിന്റെ ഭാഗമായാണ് റോഡ് സേഫ്റ്റി അതോറിറ്റിയും, മെഡിക്കൽ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റിയും ചേർന്നു കണക്കുകൾ പുറത്തു വിട്ടത്.
രാജ്യത്തെ റോഡുകളിൽ ഗതാഗതത്തിന് 70 ശതമാനം വരെ കുറവുണ്ടായപ്പോഴാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിൽ ഇത്തരത്തിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. എം.ബി.ആർ.എസിന്റെ കണക്കുകൾ പ്രകാരം മാർച്ച് 27 നും ജൂൺ 29 നും ഇടയിൽ രക്തത്തിന്റെയും, മൂത്രത്തിന്റെയും സാമ്പിൾ ശേഖരിക്കുന്നതിൽ 6.5 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.