അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്ത് പുതുതായി രൂപീകരിച്ച പാർലമെന്റിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉടലെടുത്തതോടെ സർക്കാർ രൂപീകരിക്കാനുളള ചർച്ചകൾക്കൊപ്പം സ്പീക്കർ തിരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലായി. രാഷ്ട്രീയ പാർട്ടികളും സ്വതന്ത്രരും ഒരു പോലെ തിരഞ്ഞെടുപ്പിൽ സ്പീ്ക്കർ സ്ഥാനത്തേയ്ക്കു സ്ഥാനാർഥികളെ രംഗത്ത് ഇറക്കിയിട്ടുണ്ട്.
ഫൈൻഗായലിന്റെ വിക്ലോയിൽ നിന്നുള്ള ടി ഡി ആണ്ട്രൂ ഡോയൽ, ഷിൻ ഫെയിന്റെ കെവിൻ ഓ കോളിൻ (കാവൻ)ഷോൺ ഫെർഹൈൽ*(ഫിന്നാ ഫെയിൽ)എന്നിവരെ കൂടാതെ ഡബ്ലിൻ സെന്ട്രളിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥി മരീൻ ഓ സുള്ളിവൻ എന്നിവരുമാണ് രംഗത്തുള്ളത്.പുതിയ
ഡയൽ രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയ കക്ഷികളുടെ ശക്തി പരീക്ഷണത്തിനുള്ള വേദി കൂടിയാവും.സ്പീക്കർ സ്ഥാനത്തേയ്ക്ക് ഷിൻഫെയിൻ പാർട്ടിയുടെ പിന്തുണ കൂടി നേടാനായാൽ സ്വതന്ത്ര സ്ഥാനാർഥി മരീൻ ഓ സുള്ളിവൻ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെടും എന്ന സൂചനകളാണ് നിലവിലുള്ളത്. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആദ്യഘട്ട വോട്ടെടുപ്പിൽ ആരും തിരഞ്ഞെടുക്കപ്പെടാൻ ഇടയില്ലെന്നും.
ഐക്യ സാധ്യതകൾ ഒന്നും കാണുന്നില്ലെന്നും ഫൈൻ ഗായേൽ നേതാവ് എൻഡാ കെന്നി തന്നെ ഇന്നലെ വ്യക്തമാക്കി.എങ്കിലും കെന്നിയും ഫ്രാൻസീസ് ഫിറ്റ്‌സ് ജറാൾഡ്,ലിയോ വരെദ്കർ എന്നിവരും അടങ്ങുന്ന സംഘം സ്വതന്ത്രരും ചെറു പാർട്ടികളുമായി ചർച്ച നടത്തുന്നുണ്ട്.
സ്വതന്ത്ര അംഗങ്ങൾ കൂടുതൽ വിലപേശലിനു തയാറെടുത്തതോടെ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലിരുന്ന ഫൈൻ ഗായേലും, ഫിന്നാ ഫെയിലും നിരാശയിലാണ്.മുന്നണി രൂപീകരിച്ചാലും ആരുടെയും വിപ്പ് അനുസരിക്കാൻ തങ്ങൾ തയാറാവില്ലെന്നും പ്രശ്‌നാധിഷ്ടിതമായി ഓരോ വിഷയത്തിലും വോട്ടു രേഖപ്പെടുത്തും എന്ന നിലപാടിൽ സ്വതന്ത്ര അംഗങ്ങൾ ഉറച്ചു നിൽക്കുന്നതാണ് പ്രധാന പാർട്ടികൾക്ക് നേരിടേണ്ടി വരുന്ന പ്രധാന കടമ്പ.