ഐഎസ് ഭീകരരെ സഹായിച്ചത‍ിനു കുവൈത്തില്‍ പിടിയിലായ ഭീകരസംഘത്തിനു രാജ്യാന്തരബന്ധം

കുവൈത്ത് സിറ്റി : ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ സഹായിച്ചത‍ിനു കുവൈത്തില്‍ പിടിയിലായ ഭീകരസംഘത്തിനു രാജ്യാന്തരബന്ധം. പണവും ആള്‍ബലവും നല്‍കുന്നതിനു പുറമെ ലോകവിപണിയില്‍നിന്ന് ആയുധങ്ങള്‍ ശേഖരിച്ച്‌ ഐഎസ് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ദൗത്യവും ഈ സംഘം നടത്തിയതായി തെളിഞ്ഞു. കഴിഞ്ഞദിവസമാണ് സ്വദേശി ഉള്‍പ്പെടെ ആറംഗ സംഘത്തെ പിടികൂടിയത്. കുവൈത്തില്‍ ജനിച്ചുവളര്‍ന്ന ലബനന്‍ പൗരന്‍ ഉസാമ മുഹമ്മദ് സയ്യിദ് അല്‍ ഖയാത്ത് (45) ആണ് സംഘത്തലവന്‍.

യുക്രൈനില്‍നിന്നാണ് ആയുധങ്ങള്‍ വാങ്ങിയിരുന്നതെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. കുവൈത്തില്‍നിന്ന് ഓര്‍ഡര്‍ ചെയ്‌ത ആയുധങ്ങള്‍ തുര്‍ക്കിയില്‍ എത്തിച്ച് അവിടെ നിന്ന് ഐഎസ് കേന്ദ്രങ്ങള്‍ക്ക് കൈമാറുന്ന ചുമതലയായിരുന്നു ഈ സംഘത്തിന്. റകാന്‍ നാസര്‍ അല്‍ അജ്‌മിയാണ് പിടിയിലായ സ്വദേശി. സിറിയന്‍ വംശജരായ ജഅബ്‌ദുല്‍ കരീം മുഹമ്മദ് സലീം, ഹാഷിം മുഹമ്മദ് ഖൈര്‍ തര്‍താരി, അബ്‌ദുല്‍ നാസര്‍ മഹ്‌മൂദ് അല്‍ ഷാവ, ഈജിപ്‌തുകാരന്‍ വഈല്‍ മുഹമ്മദ് അഹമ്മദ് ബഗ്‌ദാദി എന്നിവരാണ് അറസ്‌റ്റിലായ മറ്റുള്ളവര്‍.
ഇവരില്‍നിന്ന് റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെ ആയുധങ്ങളും കണ്ടെടുത്തു. ആയുധങ്ങള്‍ക്ക് പുറമെ ലോജിസ്‌റ്റിക് സൗകര്യങ്ങള്‍, ആളുകളെ റിക്രൂട്ട് ചെയ്യല്‍, ധനസമാഹരണം തുടങ്ങിയവയും ഈ സംഘം ഐഎസിനുവേണ്ടി ചെയ്യുന്നുണ്ട്. സിറിയയിലെ ഐഎസ് നേതൃത്വവുമായും നിരന്തരം ബന്ധപ്പെടാറുമുണ്ട്. ഐഎസിനു വേണ്ടി മുദ്രകള്‍, മുദ്രാവാക്യങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും അച്ചടിയും പിടിയിലായ സംഘത്തലവന്റെ മേല്‍നോട്ടത്തിലായിരുന്നു. വെബ്‌സൈറ്റിന്റെ ചുമതലയും ഇയാള്‍ക്കാണ്. സംഘത്തില്‍ നാലുപേര്‍ കൂടി ഉണ്ടെന്നും അവര്‍ ഇപ്പോള്‍ രാജ്യത്തിനു പുറത്താണെന്നും അധികൃതര്‍ അറിയിച്ചു. ലബനന്‍ വംശജരും ഓസ്‌ട്രേലിയയില്‍ താമസക്കാരുമായ ഹിഷാം മുഹമ്മദ് ദഹാബ്, റാബിയ ദഹാബ്, തുര്‍ക്കിയിലെ ഓര്‍ഫ സ്വദേശിയും സിറിയന്‍ വംശജനുമായ വലീദ് നസീഫ്, സിറിയന്‍ വംശജന്‍ മുഹമ്മത് ഹിക്‌മത്ത് തര്‍താരി എന്നിവരാണവര്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top