അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ലിയോ വരെദ്കർ ഉയർത്തിയ എതിർപ്പിനെ തള്ളികളഞ്ഞ് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഫിന്നാഫെയിൽ- ഫൈൻ ഗായേൽ ചർച്ചകളിൽ മേൽ കരാർ ഉണ്ടായതായി ഇരു പാർട്ടി വൃത്തങ്ങളും ഫെിന്നാഫെയിൽ വളിപ്പെടുത്തിയതോടെ അടുത്ത ആഴ്ച്ച പുതിയ കാബിനറ്റ് നിലവിൽ വന്നേക്കുമെന്ന സൂചനകൾ. ഇപ്പോഴുള്ള ധാരണ അനുസരിച്ച് അടുത്ത ആഴ്ച്ച പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിൽ ഫിന്നാഫെയിൽ വോട്ടു ചെയ്യാതെ മാറി നിൽക്കും.ഇതോടെ പോൾ ചെയ്ത വോട്ടിൽ 58 പേരുടെ പിന്തുണ നേടി ഫൈൻഗായേൽ പാർട്ടി സ്ഥാനാർഥി എൻട കെന്നി വിജയിക്കും. ഫിന്നാഫെയിൽ നിക്ഷ്പക്ഷത പാലിച്ചു മാറി നിന്നാലും നിശ്ചിതഭൂരിപക്ഷമായ 58 വോട്ട് ഫൈൻഗായേലിനു ഇപ്പോഴില്ല. ഫൈൻഗായേലിന്റെ 50 ടി ഡി മാരുടെയും,രണ്ടു സ്വതന്ത്രരുടെയും പിന്തുണയെ അവർക്ക് ഉറപ്പായിട്ടുള്ളൂ.ബാക്കി ആവശ്യമായ 6 ടി ഡി മാർ സ്വതന്ത്രപക്ഷത്ത് നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെന്നി കരുക്കൾ നീക്കുന്നത്. ഇനി ഒന്നോ രണ്ടോ കാര്യങ്ങളിൽ മാത്രമാണ് ഫിന്നാഫെയിലുമായി ഒത്തു തീർപ്പിലെത്താനുള്ളതെന്ന് ഫൈൻഗായേലിന്റെ സിമോൺ കൊവേനി പറഞ്ഞു. മറ്റ് കാര്യങ്ങളിലെല്ലാം യോജിപ്പിലെത്തിയതായും ചർച്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി.അതിന്റെ അടിസ്ഥാനത്തിലാണ് കരാർ രൂപീകരിച്ചത്.
താഴെ പറയുന്നവ അംഗീകരിച്ചു കൊണ്ടുള്ള ഒരു കരാറാണ് ഇരു കക്ഷികളും ചേർന്നുണ്ടാക്കിയിരിക്കുന്നത്
1.മുമ്പുണ്ടായിരുന്ന മോർട്ട്‌ഗേജ് പലിശ ഇളവ് പദ്ധതി പുനരാരംഭിക്കും
2.15 %വരെ റെന്റ് സപ്ലിമെന്റ് കൌണ്ടികൾ തോറും നടപ്പിൽ വരുത്തും.
3 വേരിയബിൾ മോർട്ട്‌ഗേജ് നിരക്കുകളിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യമെങ്കിൽ നിയമനിർമ്മാണം കൊണ്ടുവരും.
4,ഗാർഡ സ്റ്റേഷനുകളുടെ അതിർത്തി പുനർനിർണയിക്കും.
5.ആശുപത്രികളിലെ വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കും.
6.ചൈൽഡ് കെയർ പദ്ധതികൾക്ക് സബ്‌സിഡികൾ
7.ശമ്പളഘടന പരിഷ്‌കരിക്കാൻ ശമ്പളക്കമ്മിഷനെ നിയോഗിക്കും.
8.ഗ്രാമ വികസനത്തിന് സമഗ്ര പദ്ധതി
9.വിദ്യാഭ്യാസമേഖലയിൽ ഗൈഡൻസ് കൌൺസിലർമാരെ നിയോഗിക്കും.
10.വെള്ളത്തിന്റെ ചാർജ് പൂർണ്ണമായും എടുത്തുകളയും
ഇത് കൂടാതെ ഒട്ടേറെ ടാക്‌സ് ക്രഡിറ്റ് നിർദേശങ്ങളും നടപ്പാക്കി കൊള്ളാമെന്നു ഫിനഗേലിനെ കൊണ്ട് ഫിന്നാഫെയിൽ സമ്മതിപ്പിച്ച് എഴുതി വാങ്ങിയിട്ടുണ്ട്.അടുത്ത മൂന്നു വർഷത്തേയ്ക്ക് നിലനിൽക്കത്തക വിധമുള്ള ഈ കരാർ രാജ്യത്തിന്റെ ഉത്തമ താത്പര്യം പരിഗണിച്ചുള്ളതാണെന്ന് ഫിന്നാഫെയിൽ കേന്ദ്രങ്ങൾ വ്യക്തമാക്കി.
പൊതുമേഖലയിലെ പുതിയ ഉദ്യോഗസ്ഥരുടെ ശമ്പളത്തെപ്പറ്റി പഠിക്കാനായി ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയോഗിക്കാൻ ഫൈൻഗായേൽ – ഫിന്നാഫെയിൽ ചർച്ചയിൽ തീരുമാനം ഉണ്ടായിട്ടുണ്ട്.ആറു മാസത്തിനുള്ളിൽ കമ്മീഷനെ നിയോഗിക്കാനാണ് തീരുമാനം. ഇത് പൊതുമേഖലയിൽ ഉണ്ടായേക്കാവുന്ന സമരങ്ങളെ പ്രതിരോധിക്കാനും, അതുവഴി ഗവൺമെന്റിനുണ്ടായേക്കാവുന്ന ഭീഷണികൾ ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് പാർട്ടികൾ കരുതുന്നത്.
രാജ്യത്തെ സാമ്പത്തികമേഖല കരുത്താർജ്ജിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗാർഡ, അദ്ധ്യാപകർ, നഴ്‌സുമാർ തുടങ്ങിയവരുടെ ശമ്പളം വർദ്ധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ഈയിടെ ജോലിയിൽ ചേർന്നവരാണ് ഈ ആവശ്യം കൂടുതായും ഉന്നയിക്കുന്നത് എന്നതിനാൽ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനം ഇവരെ തൃപ്തിപ്പെടുത്തും.
കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനം സുപ്രധാനമാണെന്നാണ് ഫിന്നാഫെയിൽ വക്താവ് പ്രതികരിച്ചത്. കമ്മീഷൻ ഇപ്പോഴത്തെ ശമ്പള വ്യവസ്ഥകൾ പഠിക്കുകയും, മറ്റ് രാജ്യങ്ങളിലെ ശമ്പളവ്യവസ്ഥകളുമായി അതിനെ താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മേഖലയിലും കരാർ പൂർണ്ണമാവുകയും സ്വതന്ത്രർ പിന്തുണ നല്കുകയും ചെയ്താൽ അടുത്ത ആഴ്ച്ച എൻട കെന്നിയുടെ നേതൃത്വത്തിൽ തന്നെയുള്ള പുതിയ മന്ത്രിസഭ നിലവിലെത്താനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുങ്ങിയിട്ടുള്ളത്