സ്വന്തം ലേഖകൻ
ഡബ്ലിൻ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ലൂക്കാസ് ലൈറ്റ് റെയിൽ ജീവനക്കാർ നടത്തിയ സമരം യാത്രക്കാരെ വലച്ചു. എന്നാൽ, പ്രശ്‌നത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഏപ്രിൽ ആദ്യ വാരം വീണ്ടും സമരം നടത്തുന്നതിനാണ് ഇപ്പോൾ യൂണിയനുകൾ ആലോചിക്കുന്നത്.
ലൂക്കാസ് ലൈറ്റ് റയിൽ ഓപ്പറേറ്റ് ചെയ്യുന്ന ജീവനക്കാർ ശമ്പള പരിഷ്‌കരണ വിഷയം ആവശ്യപ്പെട്ട് ഇൗസ്റ്റർ ദിനത്തിലാണ് സമരം ആരംഭിച്ചത്. ഇതോടെ ഈസ്റ്റർ ദിനത്തിൽ യാത്രചെയ്യാമെന്ന പ്രതീക്ഷയുമായെത്തിയ സാധാരണക്കാരായ യാത്രക്കാർ അടക്കമുള്ളവർ വലഞ്ഞു. സമരത്തിന്റെ ഭാഗമായി അടുത്ത തവണ ജീവനക്കാർ ഏപ്രിൽ ആദ്യവാരം പണിമുടക്കു നടത്തുന്നതിനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
ഡ്രൈവർമാരെയും റവന്യു പ്രൊട്ടക്ഷൻ വിഭാഗം ഗ്രേഡ് ജീവനക്കാരുമാണ് എസ്‌ഐപിടിയുവിന്റെ നേതൃത്വത്തിൽ ശക്തമായ സമരമാണ് ഇപ്പോൾ നടത്തുന്നത്. വർക്ക് പ്ലേസ് റിലേഷൻ കമ്മിഷൻ നിർദേശിച്ച ശമ്പള പരിഷ്‌കരണം എന്ന തീരുമാനം കഴിഞ്ഞ ദിവസം ജീവനക്കാർ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.