അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയെ കാമുകി വീട്ടില്‍നിന്ന് പുറത്താക്കി. സ്നേഹസമ്മാനമായി മറഡോണ ബ്യൂനസ് ഐറിസില്‍ വാങ്ങി നല്കിയ വീട്ടില്‍ നിന്നാണ് കാമുകി റോസിയോ ഒളിവ മറഡോണയെ പുറത്താക്കിയത്. മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം ഒളിവ അര്‍ജന്റീന മാധ്യമപ്രവര്‍ത്തകനായ ലിയോ പെക്കോറാറോയോട് വെളിപ്പെടുത്തിയെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരാഴ്ച നീണ്ട നിരന്തര കലഹത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും 28കാരി ഒളിവ പറഞ്ഞതായി ലിയോ പൊക്കോറാറോ പറഞ്ഞു. റഷ്യന്‍ ലോകകപ്പില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഒളിവയ്ക്ക് മറഡോണ ഈയിടെ മോതിരം കൈമാറിയിരുന്നു. മുന്‍ ഫുട്ബോള്‍ താരമായ ഒളിവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്.
ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ ഒളിവയുമായി അടുത്തത്. ഇപ്പോള്‍ മെക്സിക്കന്‍ ക്ലബിന്റെ പരിശീലകനാണ് 58കാരനായ മറഡോണ.