സ്വന്തം ലേഖകൻ
ഡബ്ലിൻ:വിപണിയിലെ തിരിച്ചടി കാരണം 12,000ഓളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ ലക്ഷ്യമിടുന്നത് പ്രവൃത്തിപരിചയമേറിയ ജീവനക്കാരെ. 20 വർഷത്തിലേറെയായി കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നവരോട് സ്വയം വിരമിക്കൽ തീരുമാനമെടുക്കാൻ മെയ് 27 വരെ സമയം നൽകിയിരിക്കുകയാണ് കമ്പനി. അയർലണ്ടിൽ 4,500ഓളം പേർ ജോലി ചെയ്യുന്ന ലെയ്ക്സ്ലിപ്പ്, ഷാനൺ, കോർക്ക് എന്നിവിടങ്ങളിൽ നിന്നായി 400ഓളം ജീവനക്കാരെ പിരിച്ചുവിടാനാണ് പദ്ധതി.
സ്വയം വിരമിക്കൽ ഓപ്ഷൻ ആരും തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, കമ്പനി തീരുമാനിക്കുന്നവർക്ക് പുറത്തുപോകേണ്ടിവരും. പ്രോസസ് ടെക്‌നിഷ്യൻസ്, മെയിന്റനൻസ് ടെക്‌നിഷ്യൻസ്, എഞ്ചിനീയർമാർ എന്നിവരെല്ലാം പിരിച്ചുവിടൽ ഭീഷണിയുടെ നിഴലിലാണ്.
സർവീസ് കണക്കാക്കി ഓരോ വർഷത്തിനും അഞ്ച് ആഴ്ചയിലെ ശമ്പളം, കൂടെ രണ്ടു വർഷത്തെ ശമ്പളം എന്നിവ സ്വയം വിരമിക്കുന്നവർക്ക് നൽകും. എന്നാൽ കമ്പനിയാണ് പിരിച്ചുവിടൽ തീരുമാനമെടുക്കുന്നതെങ്കിൽ ഈ ഓഫർ പിൻവലിക്കാൻ സാധ്യതയുണ്ട്.
ലെക്സ്ലിപ്പിലുള്ള ഇന്റലിന്റെ പ്ലാന്റിൽ കഴിഞ്ഞ അഞ്ചു വർഷമായി 3.6 ബില്ല്യൺ യൂറോയാണ് കമ്പനി നിക്ഷേപിച്ചിട്ടുള്ളത്. അതിനാൽത്തന്നെ ഇവിടുത്തെ പിരിച്ചുവിടൽ ഭീഷണിയെ ഞെട്ടലോടെയാണ് ജീവനക്കാർ വീക്ഷിക്കുന്നത്. ഇന്റലിന്റെ യൂറോപ്പിലെ ഏറ്റവും വലിയ പ്ലാന്റും ലെയ്ക്സ്ലിപ്പിലേതാണ്.