സ്വന്തം ലേഖകൻ
ഡബ്ലിൻ:രാജ്യത്തെ മിനിമം വേതനം മണിക്കൂറിന് 9.15 യൂറോ എന്നുള്ളത് ഉയർത്താൻ സർക്കാരിന്റെ നീക്കം . 11ാം തീയതി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ 10% വർദ്ധനവ് അനുവദിക്കാനാണ് ഫിനഗേലിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നീക്കം.അതേസമയം ഇത്രയും ചെറിയ വർദ്ധനവ് കൊണ്ട് ആർക്കും ഗുണമുണ്ടാകില്ലെന്ന് സ്വതന്ത്ര ടിഡിമാർ വിമർശനമുർത്തിക്കഴിഞ്ഞു.
ഇത്രയും ചെറിയ വർദ്ധനവിൽ താൻ സന്തുഷ്ടനല്ലെന്ന് സ്വതന്ത്ര ടിഡിയും സൂപ്പർ ജൂനിയർ മിനിസ്റ്ററുമായ ഫിനിയൻ മക്ഗ്രാത്ത് പ്രതികരിച്ചു. ശമ്പള വർദ്ധനവാവശ്യപ്പെട്ട് തൊഴിൽ മന്ത്രി മേരി മിച്ചൽ ഒ കോണറിന് മെമോ നൽകാനാണ് സ്വതന്ത്രരുടെ തീരുമാനം.
മിനിമം വേതനത്തിൽ 10% വർദ്ധനവ് വേണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചത് ലോ പേ കമ്മിഷനാണ്. ഇത് അനുവദിക്കുകയാണെങ്കിൽ രാജ്യത്തെ 70,000ഓളം ജോലിക്കാരുടെ മണിക്കൂറിലെ വരുമാനം 9.25 യൂറോ ആയി ഉയരും.
നാമമാത്രമായ ഈ വർദ്ധനവ് കൊണ്ട് കാര്യമില്ലെന്നും, ആളുകൾക്ക് ജീവിക്കാനുതകുന്ന തരത്തിലായിരിക്കണം വർദ്ധനവ് എന്നും സ്വതന്ത്രർ പറയുന്നു. 25% എങ്കിലും വർദ്ധനവ് നൽകി, മിനിമം വേതനം മണിക്കൂറിന് 11.50 യൂറോ ആക്കി ഉയർത്തണമെന്ന് ജൂനിയർ ജോബ്‌സ് മിനിസ്റ്റർ ജോൺ ഹല്ലിഗനും ആവശ്യപ്പെട്ടിട്ടുണ്ട്.