സെന്റ് ജോണ്‍സ് (ന്യൂഫൗണ്ട്ലാന്‍ഡ്, കാനഡ): തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റന്‍ എന്ന സമുദ്രപേടകത്തിനായി വ്യാപക തിരച്ചില്‍ പുരോഗമിക്കവെ കടലിനടിയില്‍ നിന്ന് വന്‍ശബ്ദം. കടലിനടിയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ അര മണിക്കൂറിന്റെ ഇടവേളയില്‍ വലിയ ശബ്ദം കേട്ടതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ശബ്ദം നിരീക്ഷിക്കാനായി നാലു മണിക്കൂറിനുശേഷം പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. തുടര്‍ന്നും ശബ്ദം കേട്ടതായി സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് വിദഗ്ധര്‍ ഈ ശബ്ദം വിശകലനം ചെയ്യുകയാണ്. ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. സമുദ്ര പേടകത്തിനായുള്ള തിരച്ചില്‍ ഇന്ന് മൂന്നാം ദിവസത്തിലേക്കു കടന്നിരുന്നു. ഞായറാഴ്ചയാണ് യാത്രയാരംഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ സമുദ്രപേടകവുമായുള്ള ബന്ധം നഷ്ടമായത്.
സമുദ്ര പേടകത്തിനുള്ളിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരികയും സമുദ്ര പേടകം എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു സൂചനകളും ലഭിക്കാതെ രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശ വ്യാപിക്കുകയും ചെയ്ത ഘട്ടത്തിലാണ് പ്രതീക്ഷ നല്‍കി ശബ്ദം പുറത്തുവന്നത്.